തിരുവനന്തപുരം: താൻ യുഡിഎഫിലേക്ക് ചേക്കേറുന്നു എന്ന വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് വിഎസ്ഡിപി (VSDP) ചെയർമാനും എൻഡിഎ വൈസ് ചെയർമാനുമായ വിഷ്ണുപുരം ചന്ദ്രശേഖരൻ. താൻ എൻഡിഎയിൽ തന്നെ തുടരുമെന്നും യുഡിഎഫ് നേതാക്കൾ പറയുന്നത് ശുദ്ധ കാപട്യമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Vishnupuram Chandrasekharan denies news of joining UDF)
യുഡിഎഫിൽ ചേരാൻ അപേക്ഷ നൽകിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന ചന്ദ്രശേഖരൻ തള്ളി. "അങ്ങനെയൊരു കത്തോ അപേക്ഷയോ ഉണ്ടെങ്കിൽ സതീശൻ അത് പുറത്തുവിടണം. പത്ത് വർഷം മുൻപ് മുന്നണിയിൽ എടുക്കാമെന്ന് പറഞ്ഞ് ബെന്നി ബെഹനാൻ കത്ത് നൽകിയിരുന്നു എന്നല്ലാതെ ഇപ്പോൾ അത്തരമൊരു നീക്കവുമില്ല," അദ്ദേഹം പറഞ്ഞു. കാമരാജ് കോൺഗ്രസും വിഎസ്ഡിപിയും രണ്ടാണ്. യുഡിഎഫ് നേതാക്കളുമായി രാഷ്ട്രീയ ചർച്ചകൾ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻഡിഎയിലെ ചില സമീപനങ്ങളിൽ ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. മുന്നണിയിൽ പ്രശ്നങ്ങളുണ്ട്. താൻ തൃപ്തനാണോ എന്ന് രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ഉൾപ്പെടെയുള്ളവർ ചോദിച്ചിരുന്നു. ഇല്ലെന്നാണ് മറുപടി നൽകിയത്. എന്നാൽ അത് പരിഹരിക്കാൻ തനിക്ക് കരുത്തുണ്ട് ന്നും അദ്ദേഹം പറഞ്ഞു. വിഎസ്ഡിപിയുടെ നിലപാട് ബിജെപിയുമായി അകലം പാലിക്കുക എന്നതാണ്. കാമരാജ് കോൺഗ്രസാണ് എൻഡിഎയിലെ ഘടകകക്ഷി. രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായിരിക്കുന്നിടത്തോളം എൻഡിഎയിൽ തുടരും.
മുന്നണിയിൽ അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കേണ്ടി വന്നാൽ അതിനും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. "ഞാൻ ഒരു സ്വയംസേവകനാണ്. പെട്ടെന്ന് ഒരു മുന്നണിയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിപ്പോകുന്ന പ്രശ്നമില്ല. യുഡിഎഫിന്റെ വാഗ്ദാനങ്ങൾ തള്ളുന്നു," എന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ വ്യക്തമാക്കി. മാധ്യമങ്ങളിലൂടെ വന്ന വാർത്തകൾ തീർത്തും തെറ്റാണെന്നും അത് തിരുത്താനാണ് വാർത്താസമ്മേളനം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.