

തിരുവനന്തപുരം: വെർച്വൽ അറസ്റ്റിലൂടെ തൃശൂർ സ്വദേശിയിൽ നിന്ന് ഒന്നര കോടി രൂപ തട്ടിയെടുത്ത കേസിൽ സിബിഐയുടെ നടപടി. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പിയുടെ നേതൃത്വത്തിൽ രാജ്യത്തെ 22 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തിയത്. രാജസ്ഥാൻ, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിലായിരുന്നു പരിശോധന.(Virtual arrest scam, CBI raids 22 centers across the country)
തൃശ്ശൂർ സ്വദേശിയായ പരാതിക്കാരനെ മൂന്ന് ദിവസത്തോളം വെർച്വൽ അറസ്റ്റിൽ നിർത്തിയാണ് സംഘം പണം തട്ടിയത്. സിബിഐ ഉദ്യോഗസ്ഥരാണെന്ന് ചമഞ്ഞെത്തിയ തട്ടിപ്പുകാർ, ഇദ്ദേഹത്തിന്റെ പേരിൽ മുംബൈയിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഉണ്ടെന്ന് ഭീഷണിപ്പെടുത്തി. അറസ്റ്റ് ഒഴിവാക്കാനെന്ന പേരിൽ വിവിധ ഘട്ടങ്ങളിലായി ഒന്നര കോടി രൂപ തട്ടിയെടുക്കുകയായിരുന്നു.
ആദ്യം തൃശ്ശൂർ സൈബർ പോലീസ് അന്വേഷിച്ച കേസ്, പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സിബിഐയ്ക്ക് കൈമാറിയത്. നിലവിൽ തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. തട്ടിപ്പിന് ഉപയോഗിച്ച ബാങ്ക് അക്കൗണ്ട് ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പ്രധാനമായും പരിശോധന നടന്നത്.
കേരളത്തിന് പുറമെ രാജസ്ഥാൻ, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ അക്കൗണ്ട് ഉടമകളുടെ വിവരങ്ങൾ ശേഖരിച്ചു. തട്ടിപ്പിന് പിന്നിലെ യഥാർത്ഥ സൂത്രധാരന്മാരെയും അന്തർസംസ്ഥാന ബന്ധമുള്ള റാക്കറ്റുകളെയും കണ്ടെത്തുക എന്നതാണ് സിബിഐയുടെ ലക്ഷ്യം.