
ഡെങ്കിപ്പനി ഗുരുതരമാകാതെ യഥാസമയം തിരിച്ചറിയാനും ചികിൽസിച്ച് ഭേദമാക്കാനും സാധിക്കും. ആരംഭഘട്ടത്തിൽ ഡെങ്കിപ്പനിയുടെ ഭാഗമായി ഉണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തിരിച്ചറിയാൻ കഴിയുമെന്നാണ് പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ മുന്നോട്ട് വയ്ക്കുന്ന പ്രതീക്ഷ.
രോഗം ഗുരുതരമാകാൻ സാധ്യതയുള്ള രോഗികളെ ആദ്യഘട്ടത്തിൽ തിരിച്ചറിയാനാകുമെന്ന കണ്ടെത്തലാണ് ഗവേഷക സംഘം പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ലേറ്ററൽ ഫ്‌ലോ ഡിവൈസ് എന്ന പോയിന്റ് ഓഫ് കെയർ ഉപകരണം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് അവർ.
ആദ്യഘട്ടത്തിൽ ഡെങ്കിപ്പനി ഒരു ജ്വരം പോലെ തുടങ്ങുകയും അവസാന ഘട്ടത്തിൽ പ്ലാസ്മാ ലീക്കേജ്, രക്തസ്രാവം, അവയവങ്ങളുടെ പ്രവർത്തനം നിലയ്ക്കൽ തുടങ്ങിയവയിലേക്ക് മാറുകയും ചെയ്യുന്ന ഗുരുതര വൈറസ് ബാധയാണ്. എന്നാൽ തുടക്കഘട്ടത്തിൽ തന്നെ ഡെങ്കിപ്പനി കണ്ടെത്തുക എന്നത് ഇപ്പോഴും വൈദ്യപരിചരണരംഗത്ത് വലിയ വെല്ലുവിളിയാണ്. പലപ്പോഴും രോഗം ബാധിച്ച് നാലോ അഞ്ചോ ദിവസം കഴിയുമ്പോഴാണ് തിരിച്ചറിയുന്നത്.
നിലവിൽ മെഷീൻ ലേണിംഗ്് ഉപയോഗിച്ച് ഗുരുതരമായ ഡെങ്കിയുമായി ബന്ധപ്പെട്ട് വ്യക്തമായ വ്യത്യാസം കാണിക്കുന്ന ചില പ്രോട്ടീനുകൾ കണ്ടെത്തിയിരിക്കുകയാണ്. ഇവ ഡെങ്കിപ്പനിയുടെ ആദ്യഘട്ടമായ ജ്വരഘട്ടത്തിൽ തന്നെ കൃത്യമായി തിരിച്ചറിയാൻ കഴിയും. ഇത് ഗുരുതരമായി മാറാനിടയുള്ള രോഗികളെ വളരെ വേഗത്തിൽ തിരിച്ചറിയാനാകുന്ന മാർഗ്ഗങ്ങളായി പരിഗണിക്കാം.
ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ലേറ്ററൽ ഫ്‌ലോ ആസെ ഡിവൈസ് വികസിപ്പിച്ച് രോഗിയുടെ രക്തത്തിൽ നിന്നുള്ള പ്രോട്ടീനുകളുടെ സാന്നിധ്യവും അളവും പരിശോധിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഗവേഷകർ. രോഗത്തിന്റെ വിവിധ ഘട്ടങ്ങളിൽ ഹോസ്റ്റ് ബയോമാർക്കറുകളുടെ മാറുന്ന നിലവാരം നിരീക്ഷിക്കുക വഴി രോഗഫലത്തെ മുൻകൂട്ടി പ്രവചിക്കാനും ഈ ടെക്‌നോളജി സഹായിക്കും.
മെഡിക്കൽ രംഗത്തെ വിദഗ്ദ്ധരുടെ സജീവ സഹകരണത്തിലൂടെ വൈറൽ രോഗങ്ങളുടെ തിരിച്ചറിയലിന് വേണ്ടിയുള്ള പോയിന്റ് ഓഫ് കെയർ ഉപകരണങ്ങൾ വികസിപ്പിക്കാനാണ് തോന്നയ്ക്കൽ അഡ്വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ വൈറോളജി വിഭാഗം ഗവേഷക സംഘം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.