
ദുബായ്: കൊല്ലം സ്വദേശിനി വിപഞ്ചികയും മകള്‍ വൈഭവിയും ഷാര്‍ജയില്‍ മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ സംസ്‌കാരം മാറ്റിവെച്ചു. ദുബായിലെ ഇന്ത്യന്‍ കോസുലേറ്റില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
വിഷയത്തില്‍ വിപഞ്ചികയുടെ അമ്മ ഷൈലജ കോണ്‍സുലേറ്റിന്റെ അടിയന്തര ഇടപെടല്‍ തേടിയിരുന്നു. കുഞ്ഞിന്റെ മൃതദേഹം ഇന്ന് തന്നെ സംസ്‌കരിക്കാന്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ് ശ്രമിക്കുന്നു. ഇത് തടയാന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്നായിരുന്നു ആവശ്യം.
തുടര്‍ന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് വിഷയത്തില്‍ ഇടപെട്ടത്. ഇതേസമയം, കുഞ്ഞിന്റെ മൃതദേഹവുമായി നിധീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ശ്മശാനത്തില്‍ എത്തിയിരുന്നു. സംസ്‌കാര ചടങ്ങിന് കൊണ്ടു വന്ന ശേഷം മൃതദേഹം തിരിച്ചു കൊണ്ടുപോയിരുന്നു.
മൃതദേഹം വിദേശത്ത് സംസ്‌കരിക്കേണ്ട. നാട്ടില്‍ സംസ്‌കരിക്കണം. ഒന്നുകില്‍ നിധീഷിന്റെ വീട്ടിലോ അല്ലെങ്കില്‍ തന്റെ വീട്ടിലോ സംസ്‌കരിക്കണം. നാട്ടില്‍ നിധീഷിന്റെ വീട്ടില്‍ സംസ്‌കാരിച്ചാലും വിഷമമില്ല. നാട്ടില്‍ വേണമെന്നേയുള്ളൂ. രണ്ടുപേരുടെയും മൃതദേഹം നാട്ടിലെത്തിക്കണം. ജനിച്ച മണ്ണില്‍ അവരെ സംസ്‌കരിക്കണം. അതിന് അനുവദിക്കണം. ഇവിടെ സംസ്‌കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും വിപഞ്ചികയുടെ അമ്മ ഷൈലജ പറഞ്ഞു.
ഷാര്‍ജയിലാണ് യുവതിയുടെയും കുഞ്ഞിന്റേയും മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ത്യന്‍ കോര്‍സുലേറ്റിലും ഷാര്‍ജ പൊലീസിലും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ മറ്റൊരു പരാതി നേരിട്ട് നല്‍കാനാണ് ശൈലജയുടെ തീരുമാനം.
കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനില്‍ വിപഞ്ചിക മണിയന്‍ (33), മകള്‍ വൈഭവി നിധീഷ് (ഒന്നര) എന്നിവരെയാണ് അല്‍ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയെന്നാണ് നിഗമനം. ജൂലായ് എട്ടിന് രാത്രിയായിരുന്നു സംഭവം നടന്നത്.
ഭർത്താവ് നിധീഷിന്റെയും ഭര്‍തൃകുടുംബാംഗങ്ങളുടെയും കൊടിയപീഡനം കാരണമാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നാണ് ആരോപണം. നിധീഷില്‍ നിന്നും ഇയാളുടെ പിതാവ്, സഹോദരി എന്നിവരില്‍ നിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ച് വിപഞ്ചിക എഴുതിയ ആത്മഹത്യാക്കുറിപ്പും പുറത്തുവന്നിരുന്നു.