കൊല്ലം : ഷാര്‍ജയില്‍ മകള്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം സംസ്‌കരിച്ചു. വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം.സഹോദരന്‍ വിനോദ് മണിയന്‍ ചിതയ്ക്ക് തീ കൊളുത്തി. കേരളപുരത്തെ വീട്ടില്‍ പൊതുദര്‍ശനം നടന്നിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റീ പോസ്‌റ്റ്‌മോർട്ടം നടത്തിയതിന് ശേഷമായിരുന്നു സംസ്കാരം. കാലത്ത് പതിനൊന്നരയോടെയാണ് റീ പോസ്‌റ്റ്‌മോർട്ടം ആരംഭിച്ചത്. ഇന്നലെ രാത്രിയോടെയാണ് വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്.
അതേസമയം, വിപഞ്ചികയുടെ ശരീരത്തില്‍ ചതവുകളും അടിയേറ്റ പാടും ഉള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍. ഇന്‍ക്വസ്റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി പറഞ്ഞു. വിദേശത്തുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന് വിപഞ്ചികയുടെ സഹോദരന്‍ വിനോദ് മണിയന്‍ പ്രതികരിച്ചു.
ജൂലൈ 9നാണ് കേരളപുരം പൂട്ടാണിമുക്ക് രജിതഭവനിൽ വിപഞ്ചിക (33), മകൾ വൈഭവി(ഒന്നര) എന്നിവർ ഷാർജയിൽ മരിച്ചത്. 2020 നവംബറിലായിരുന്നു വിപഞ്ചികയും കോട്ടയം പനച്ചിക്കാട് പൂവൻതുരുത്ത് വലിയവീട്ടിൽ നിധീഷുമായുള്ള വിവാഹം. വിവാഹം ആഡംബരമായി നടത്തിയില്ലെന്നും, സ്ത്രീധനം നൽകിയില്ലെന്നും ആരോപിച്ച് നിധീഷ് പീഡിപ്പിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചതിന് ശേഷമാണ് വിപഞ്ചിക ജീവനൊടുക്കിയത്.