തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം ഉണ്ടായ സംഭവം: സുരക്ഷാ വർധിപ്പിക്കാൻ പ്രിൻസിപ്പലിൻ്റെ നിർദ്ദേശം | Violence

അപരിചിതനായ വ്യക്തി അതിക്രമിച്ച് കയറുകയായിരുന്നു
Violence against students at Thiruvananthapuram Medical College
VIJITHA
Updated on

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ഡയാലിസിസ് ഡിപ്പാർട്ട്‌മെന്റിൽ രാത്രി ഡ്യൂട്ടിക്കിടെ വിദ്യാർത്ഥികൾക്ക് നേരെ അപരിചിതന്റെ അതിക്രമം നേരിട്ട സംഭവത്തിൽ നടപടി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കാൻ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസമാണ് നാലാം വർഷ ഡയാലിസിസ് ടെക്‌നോളജി വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജിൽ ദുരനുഭവം ഉണ്ടായത്.(Violence against students at Thiruvananthapuram Medical College)

നൈറ്റ് ഡ്യൂട്ടിക്കിടയിൽ വിദ്യാർത്ഥികൾ വിശ്രമിച്ചിരുന്ന മുറിയിൽ അപരിചിതനായ വ്യക്തി അതിക്രമിച്ച് കയറുകയായിരുന്നു. ഇയാൾ വിദ്യാർത്ഥികളുടെ കാലിൽ കയറി പിടിക്കുകയും കത്രികയും കസേരയും ഉപയോഗിച്ച് ഡയാലിസിസ് ഡിപ്പാർട്ട്‌മെന്റിൽ ഭീതി പരത്തുകയും ചെയ്തു. സംഭവത്തെത്തുടർന്ന് വിദ്യാർഥികൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകി.

വിശ്രമ മുറിയിൽ അതിക്രമിച്ച് കയറിയത് തൊട്ടടുത്തുള്ള സൈക്യാട്രിക് ഡിപ്പാർട്ട്‌മെന്റിലെ രോഗിയാണ് എന്നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം. എങ്ങനെയാണ് രോഗി ഡയാലിസിസ് ഡിപ്പാർട്ട്‌മെന്റിൽ എത്തിയതെന്നതിൽ വ്യക്തതയില്ല. അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ സഹായത്തിനെത്തിയില്ലെന്ന ഗുരുതരമായ പരാതിയും വിദ്യാർഥികൾ ഉന്നയിച്ചിട്ടുണ്ട്.

പരാതി പരിഗണിച്ച് അടിയന്തര നടപടിയെടുക്കുമെന്നും കൂടുതൽ സുരക്ഷാ ജീവനക്കാരെ വിന്യസിച്ച് സുരക്ഷ ഉറപ്പുവരുത്തുമെന്നുമാണ് മെഡിക്കൽ കോളേജ് അധികൃതർ വിദ്യാർഥികളെ അറിയിച്ചിട്ടുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com