തിരുവനന്തപുരം: രാജ്യത്ത് ക്രൈസ്തവർക്കും പുരോഹിതർക്കും നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എം.പി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ജമ്മു കശ്മീരിലും മഹാരാഷ്ട്രയിലും മലയാളി വൈദികർ ഉൾപ്പെടെയുള്ളവർക്ക് നേരെ നടന്ന അക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്.(Violence against Christians is increasing, PM should break his silence, AA Rahim MP writes letter)
ക്രൈസ്തവർക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾക്ക് നേരെയുള്ള വെല്ലുവിളിയാണ്. വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും റഹീം ആവശ്യപ്പെട്ടു. നാഗ്പൂരിൽ അറസ്റ്റ് ചെയ്ത ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരെ ഉടൻ മോചിപ്പിക്കാൻ നടപടി വേണം.
ഇത്തരം വർഗീയ അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രം കർശന നിർദ്ദേശം നൽകണം. ആർ.എസ് പുരയിൽ 13 വർഷമായി സേവനമനുഷ്ഠിക്കുന്ന മലയാളി വൈദികനും കുടുംബത്തിനും നേരെ ക്രിസ്മസ് തലേന്ന് ബി.ജെ.പി പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. നിർബന്ധിത മതപരിവർത്തനം ആരോപിച്ചായിരുന്നു അതിക്രമം.
നിർബന്ധിത മതപരിവർത്തനം ആരോപിച്ചു തന്നെയാണ് അമരാവതിയിൽ ഫാദർ സുധീറിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തത്. പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവെയായിരുന്നു നടപടി. സംഭവത്തിൽ അന്വേഷിക്കാൻ സ്റ്റേഷനിലെത്തിയവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.