ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കിടെ ആചാരലംഘനം ; ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്ത് |Aranmula temple

സെപ്റ്റംബർ 14 ന് നടന്ന ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം ഉണ്ടായത്.
Aranmula temple
Published on

പത്തനംതിട്ട : ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കിടെ ആചാരലംഘനം നടന്നെന്നും പരിഹാരക്രിയ വേണമെന്നും തന്ത്രി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. ദേവന് നേദിക്കും മുൻപ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയത് തെറ്റാണെന്ന് ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് പറഞ്ഞു.

സെപ്റ്റംബർ 14 ന് നടന്ന ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം ഉണ്ടായെന്നാണ് ക്ഷേത്രം തന്ത്രി പറയുന്നത്. ക്ഷേത്രത്തിനുള്ളിൽ ദേവന് നേദിച്ച ശേഷം ഉച്ചപൂജ കഴിഞ്ഞാണ് ആനക്കൊട്ടിലിൽ ഉദ്ഘാടന ചടങ്ങ് നടത്തേണ്ടത്. എന്നാൽ അതിനു മുമ്പ് ദേവസ്വം മന്ത്രി സദ്യവിളമ്പി. ആചാരലംഘനത്തിന് പരസ്യമായ പരിഹാരക്രിയ വേണമെന്ന് ദേവസ്വം ബോർഡിന് നൽകിയ കത്തിൽ ക്ഷേത്രം തന്ത്രി നിർദേശിക്കുന്നു.

അഷ്ടമിരോഹിണി വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിന്റെ നേതൃത്വത്തിലുള്ള മുഴുവൻ പേരും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ദേവസ്വം അസിസ്റ്റന്റ് കമ്മിഷണറും അഡ്മിനിസ്ട്രേറ്റീവ് ഓഫിസറും കൈസ്ഥാനി സ്ഥാനത്തുള്ള കുടുംബങ്ങളിലെ കാരണവന്മാരും ക്ഷേത്രം തന്ത്രിയും ചേർന്ന് ദേവനു മുന്നിൽ ഉരുളിയിൽ എണ്ണപ്പണം സമർപ്പിച്ച് വിളിച്ചുചൊല്ലി പ്രായശ്ചിത്ത പ്രാർഥന നടത്തണം.

11 പറ അരിയുടെ സദ്യയും വള്ളസദ്യയുടെ എല്ലാ വിഭവങ്ങളുമുണ്ടാക്കി ദേവനു നേദിച്ച ശേഷം എല്ലാവരും പ്രായശ്ചിത്ത പ്രാർഥനയോടെ അതു കഴിക്കണം. അതിനു ശേഷം ബന്ധപ്പെട്ടവരെല്ലാം നടയ്ക്കൽ‍ ചെന്ന് ഇനി ഇത്തരം പിഴവുണ്ടാവില്ലെന്നും വള്ളസദ്യ ആചാരപരമായിത്തന്നെ നടത്താമെന്നും സത്യം ചെയ്യണമെന്നും പ്രായശ്ചിത്ത ക്രിയകളെല്ലാം പരസ്യമായിത്തന്നെ വേണമെന്നും കത്തിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com