

താൻ ശൈത്യയെ 'കട്ടപ്പ' എന്ന് വിളിച്ചിട്ടില്ലെന്ന് താരത്തിനായി പിആർ ചെയ്ത വിനു വിജയ്. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിനു വിജയ് ഇക്കാര്യം വിശദീകരിച്ചത്. ശൈത്യക്ക് പിആർ ചെയ്യാനായി താൻ വാങ്ങിയത് ഒന്നര ലക്ഷം രൂപ ആയിരുന്നു എന്നും ആ ഉത്തരവാദിത്തം താൻ നിറവേറ്റിയെന്നും വിനു വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഫിനാലെ വീക്കിൽ ബിബി ഹൗസിൽ തിരികെയെത്തിയ ശൈത്യ പിആറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ വിനു വിജയ് വിശദീകരണം നൽകിയിരിക്കുന്നത്.
ശൈത്യയുമായി തനിക്ക് എക്സ്ക്ലൂസിവ് പിആർ ഇല്ലായിരുന്നു എന്നാണ് വിനു പറയുന്നത്. "ബിഗ് ബോസിന് മുൻപ് പലരും തന്നെ പിആറിനായി വിളിച്ചിരുന്നു. ശൈത്യയുടെ മാതാപിതാക്കളുമായി സംസാരിച്ചതിന് ശേഷം ഒരു മാസത്തേക്ക് ഒന്നര ലക്ഷം രൂപയ്ക്ക് പിആർ ചെയ്യാമെന്ന് സമ്മതിച്ചു. ശൈത്യയുടെ അക്കൗണ്ട് മാനേജ് ചെയ്യാൻ ഞാൻ ഒരാളെ ജോലിക്കെടുത്തു. ശൈത്യ ആർമി എന്ന സോഷ്യൽ മീഡിയ പേജുണ്ടാക്കി. 34,000 ലധികം ഫോളോവേഴ്സ് വാട്സപ്പ് ഗ്രൂപ്പുകൾ കൈകാര്യം ചെയ്തു. ലൈവ് ഫീഡിൽ നിന്ന് കണ്ടൻ്റ് എഡിറ്റ് ചെയ്യാൻ ഒരു ടീമിനെ ഒരുക്കി. എന്നാൽ, കണ്ടൻ്റ് അധികം ലഭിക്കാത്തതിനാൽ ഇത് വിജയം കണ്ടില്ല."
"ഞാനുമായി പിആർ ഒപ്പിട്ട സമയത്ത് എസ്പി മീഡിയ എന്ന മറ്റൊരു ഏജൻസിയുമായി ശൈത്യയുടെ മാതാപിതാക്കൾ കരാറായിരുന്നു. 36ആം ദിവസമാണ് ശൈത്യ പുറത്തായത്. അതുകൊണ്ട് തന്നെ ഞാൻ വാക്ക് പാലിച്ചു. പിന്നീട്, ഞാൻ 'കട്ടപ്പ' എന്ന് വിളിച്ചെന്നും പിന്നിൽ നിന്ന് കുത്തി എന്നും ശൈത്യ ആരോപിച്ചതായി അറിഞ്ഞു. ഇത് അടിസ്ഥാനരഹിതമാണ്. ശൈത്യയുടെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ഈ പോസ്റ്റ് പങ്കുവെക്കുന്നത്. ഇത് ശൈത്യയുടെ തെറ്റിദ്ധാരണയായി കണക്കാക്കുന്നു." - വിനു വിജയ് പറഞ്ഞു.