
കൊച്ചി: വിന്‍ഫാസ്റ്റ് തങ്ങളുടെ പ്രീമിയം ഇലക്ട്രിക് എസ്‌യുവികളായ വിഎഫ് 6, വിഎഫ് 7 എന്നിവ ഇന്ത്യയില്‍ ഔദ്യോഗികമായി പുറത്തിറക്കി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള അത്യാധുനിക നിര്‍മാണ കേന്ദ്രത്തില്‍ അസംബിള്‍ ചെയ്ത ഇരുമോഡലുകളും അതിവേഗം വളരുന്ന ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിലേക്ക് വിന്‍ഫാസ്റ്റ് അവതരിപ്പിക്കുന്ന ആദ്യ മോഡലുകളാണ്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനത്തിലേക്കുള്ള ഇന്ത്യയുടെ മാറ്റത്തെ പിന്തുണയ്ക്കുന്നതില്‍ കമ്പനിക്കുള്ള ശക്തമായ പ്രതിബദ്ധതയെ ഊട്ടിയുറപ്പിക്കുന്നതാണ് മെയ്ഡ് ഇന്‍ ഇന്ത്യ പ്രീമിയം ഇലക്ട്രിക് എസ്‌യുവികളുമായുള്ള വിന്‍ഫാസ്റ്റിന്റെ ചരിത്രപരമായ അരങ്ങേറ്റം.
പ്രകൃതിയിലെ ദ്വൈതഭാവം എന്ന തത്ത്വചിന്തയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഏറ്റവും മികച്ച ഫീച്ചറുകളുമായി വിഎഫ് 6 എത്തുന്നത്. 59.6 കെഡബ്ല്യുഎച്ച് ബാറ്ററി പായ്ക്ക് വാഗ്ദാനം ചെയ്യുന്ന ഈ മോഡല്‍ 25 മിനിറ്റിനുള്ളില്‍ ഫാസ്റ്റ് ചാര്‍ജിങും (10-70%), എആര്‍എഐ സാക്ഷ്യപ്പെടുത്തിയ 468 കിലോമീറ്റര്‍ വരെ റേഞ്ചും ഉറപ്പുനല്‍കുന്നു. 2,730 എം.എം വീല്‍ബേസും 190 എം.എം ഗ്രൗണ്ട് ക്ലിയറന്‍സും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമാണ്. രണ്ട് ഇന്റീരിയര്‍ ട്രിം നിറങ്ങളിലും എര്‍ത്ത്, വിന്‍ഡ്, വിന്‍ഡ് ഇന്‍ഫിനിറ്റി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലും വിഎഫ് 6 പ്രീമിയം എസ്‌യുവി ലഭ്യമാകും.
4.5 മീറ്ററില്‍ കൂടുതല്‍ നീളവും 2,840 എംഎം വീല്‍ബേസുമുള്ള വലിയ എസ്‌യുവിയായ വിഎഫ് 7, പ്രപഞ്ചം വ്യത്യസ്തമാണ് എന്ന ഡിസൈന്‍ തത്ത്വചിന്തയെ ആണ് ഉള്‍ക്കൊള്ളുന്നത്. ഇത് രണ്ട് ബാറ്ററി പായ്ക്കുകളിലും എര്‍ത്ത്, വിന്‍ഡ്, വിന്‍ഡ് ഇന്‍ഫിനിറ്റി, സ്‌കൈ, സ്‌കൈ ഇന്‍ഫിനിറ്റി എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലും ലഭ്യമാകും. രണ്ട് ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളും, രണ്ട് (എഫ്ഡബ്ല്യുഡി, എഡബ്ല്യുഡി) ഡ്രൈവ് ട്രെയിന്‍ ഓപ്ഷനുകളും കാറിനുണ്ട്.
അമേരിക്ക, കാനഡ, യൂറോപ്പ്, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ വിപണികളില്‍ വിജയം നേടിയ വിന്‍ഫാസ്റ്റ്, വിപുലമായ അന്താരാഷ്ട്ര അനുഭവവുമായാണ് ഇന്ത്യയിലെത്തുന്നത്. കൊച്ചി, ഡല്‍ഹി, മുംബൈ, ബെംഗളൂരു, പൂനെ, ഹൈദരാബാദ്, ജയ്പൂര്‍, ലക്‌നൗ തുടങ്ങിയ മെട്രോ നഗരങ്ങളിലുള്‍പ്പെടെ 27 നഗരങ്ങളിലായി 35 ഡീലര്‍ ടച്ച്‌പോയിന്റുകളും 26 വര്‍ക്ക്‌ഷോപ്പുകളുമാണ് 2025 അവസാനത്തോടെ വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ ലക്ഷ്യമിടുന്നത്.