

വിലങ്ങാട്: വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍ക്കുളള സഹായധനം ലഭിക്കാത്തതില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ കടുത്ത പ്രതിഷേധം. ഉരുള്‍പ്പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് മാസവാടകയിനത്തില്‍ പ്രതിമാസം നല്‍കാമെന്ന് പറഞ്ഞ 6000 രൂപ കിട്ടാതായതോടെയാണ് വാടകവീടുകളില്‍ കഴിയുന്നവര്‍ പ്രതിഷേധവുമായി എത്തിയത്. മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ അതേ ദിവസം നടന്ന വിലങ്ങാട് ദുരന്തത്തില്‍പ്പെട്ടവരെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്ന പരാതി. ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചുവിട്ട ശേഷം എഴുപതോളം കുടുംബങ്ങളാണ് രണ്ട് മാസമായി വാടകവീടുകളില്‍ കഴിയുന്നത്. വാടക കൊടുക്കാന്‍ മറ്റുവരുമാനം ഇല്ലാത്തതിനാല്‍ സഹായധനം അടിയന്തരമായി അനുവദിക്കണമെന്നാണ് ആവശ്യം.