കോഴിക്കോട് : നാദാപുരം വിലങ്ങാട് ദുരന്ത ബാധിതർക്ക് ഉപജീവന നഷ്ടപരിഹാരം ഒൻപത് മാസം കൂടി നീട്ടി നൽകാൻ തീരുമാനം. റവന്യൂ മന്ത്രി കെ രാജൻ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.
പുതിയ പരാതികൾ പരിശോധിച്ച് അർഹരായവർക്ക് കൂടി ഉപജീവന നഷ്ടപരിഹാരം നൽകാൻ ജില്ലാ കളക്ടർക്ക് നിർദേശം നൽകി. താമസ യോഗ്യമായ പ്രദേശങ്ങള്‍ ഉറപ്പാക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ലാന്‍ഡ്‌സ്ലൈഡെഡ് അഡൈ്വസറി കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖലയില്‍ പരിശോധന നടത്തും.ദുരന്തത്തിൽ തകർന്ന റോഡ്, പാലങ്ങൾ എന്നിവയ്ക്കുള്ള നിർദേശങ്ങൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. ഇതിനുള്ള ഫണ്ട് ഉടൻ ലഭ്യമാക്കും.
ഉരുൾപ്പൊട്ടലിൽ വീട് നഷ്ടപ്പെട്ട 49 കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം അനുവദിച്ചു. ദുരന്ത ബാധിതർക്ക് ഇവിടെ 6,000 രൂപ വീതം വീട്ടുവാടകയും ഉറപ്പു വരുത്തും. കൃഷി നഷ്ടപ്പെട്ട കർഷകർക്ക് ഇതിനകം 9,20,470 രൂപ വിതരണം ചെയ്‌തു. വിലങ്ങാട് ദുരന്തമേഖലയിലെ ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം 2026 മാർച്ച് വരെ തുടരുമെന്നും അധികൃതർ അറിയിച്ചു.