
വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും മുനിസിപ്പല്‍ കോര്‍പറേഷന്റെയും നേതൃത്വത്തില്‍ പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജില്‍ ആഗസ്റ്റ് 30ന് രാവിലെ ഒന്‍പത് മണി മുതല്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. 'ഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍' എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ പ്രാദേശിക സംരംഭകര്‍ ഉള്‍പ്പെടെ ജില്ലയിലെ അമ്പതിലധികം കമ്പനികള്‍ പങ്കെടുക്കും. പങ്കെടുക്കുന്നവര്‍ക്ക് അന്നേദിവസം രാവിലെ ഒൻപത് മണിമുതൽ തത്സമയ രജിസ്‌ട്രേഷൻ ചെയ്യാം. തൊഴിൽ മേളക്ക് മുന്നോടിയായി ഗ്രാമപഞ്ചായത്തുകളില്‍ തൊഴില്‍ അന്വേഷകരുടെ യോഗം നടക്കും.
തൊഴില്‍ മേളയുടെ വിജയത്തിനായി കെ.വി സുമേഷ് എം എല്‍ എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ ടീച്ചര്‍, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്‍, പാപ്പിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ. എം സുര്‍ജിത്ത് എന്നിവര്‍ പങ്കെടുത്തു.