
കൊച്ചി : ഇഡി അസിസ്റ്റന്റ് ഡയറക്ടർ പ്രതിയായ കോഴ കേസിൽ വിശദമായ അന്വേഷണത്തിന് വിജിലൻസ്. അറസ്റ്റിലായ വിൽസൺ, മുകേഷ്, രഞ്ജിത്ത് വാര്യർ എന്നിവരെ അഞ്ചുദിവസത്തേക്ക് വിജിലൻസ് കസ്റ്റഡിയിൽ വാങ്ങി . ഒന്നാം പ്രതിയായ ഇ ഡി ഉദ്യോഗസ്ഥൻ ശേഖർ കുമാറുമായി ചേർന്ന് പ്രതികൾ പണം തട്ടാൻ ഗൂഢാലോചന നടത്തിയെന്നാണ് വിജിലൻസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
വിജിലൻസിന്റെ റിമാൻഡ് റിപ്പോർട്ട് പ്രകാരം മഞ്ഞു മലയുടെ ഒരറ്റം മാത്രമാണ് പുറത്ത് വന്നിട്ടുള്ളത്. പിടിയിലായ പ്രതികൾ കൂടുതൽ പേരിൽ നിന്ന് പണം തട്ടിയിട്ടുണ്ട് എന്നാണ് പ്രാഥമിക നിഗമനം.
കേസിലെ മൂന്നാം പ്രതി മുകേഷ് മുരളി കൊച്ചി ഇഡി യൂണിറ്റിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് നിരവധി അനധികൃത ഇടപാടുകൾ നടത്തിയെന്നും വിജിലൻസ് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. മുകേഷിന്റെ മൂന്ന് ബാങ്ക് പാസ് ബുക്കുകൾ പിടിച്ചെടുത്തു. അറസ്റ്റിലായ ചാർട്ട് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യരാണ് കൊല്ലത്തെ കശുവണ്ടി വ്യവസായിയുടെ വിലാസം തട്ടിപ്പ് സംഘത്തിന് കൈമാറിയതെന്നും വിജിലൻസ് പറയുന്നു. ഇയാളുടെ കൊച്ചിയിലെ ഓഫിസിൽ പരിശോധന നടത്തി.
ഒന്നാം പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ ഉടൻ ചോദ്യം ചെയ്യില്ല. ഡിജിറ്റൽ തെളിവുകൾ സമാഹരിച്ച ശേഷമാകും തുടർ നടപടി സ്വീകരിക്കുക. കൊല്ലത്തെ കശുവണ്ടി വ്യവസായിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസ് ഒതുക്കാൻ വേണ്ടിയാണ് പിടിയിലായ പ്രതികൾ രണ്ടു കോടി രൂപ ആവശ്യപ്പെട്ടത്.