തിരുവനന്തപുരം: പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ 'പുനർജ്ജനി' പദ്ധതിയുടെ പേരിൽ വിദേശത്തുനിന്ന് ഫണ്ട് പിരിച്ചതിൽ വലിയ ക്രമക്കേടുകൾ നടന്നതായി വിജിലൻസ് കണ്ടെത്തൽ. മണപ്പാട്ട് ഫൗണ്ടേഷനുമായി ചേർന്ന് വി.ഡി. സതീശൻ അവിശുദ്ധ കൂട്ടുകെട്ടും ഗൂഢാലോചനയും നടത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.(Vigilance report against VD Satheesan and Manappat Foundation in Punarjani case)
പദ്ധതിക്കായി മണപ്പാട്ട് ഫൗണ്ടേഷൻ തുറന്ന അക്കൗണ്ടിലൂടെ 1.22 കോടി രൂപയുടെ (₹1,22,23,152) വിനിമയം നടന്നതായി ഇതിൽ പറയുന്നു. ഫൗണ്ടേഷന്റെ എഫ്‌സിആർഎ (FCRA), കറന്റ് അക്കൗണ്ടുകൾ വഴിയായിരുന്നു ഈ ഇടപാടുകൾ.
യുകെയിലെ മലയാളി സംഘടനയുമായി ചേർന്ന് പണം സമാഹരിച്ചിട്ടും മണപ്പാട്ട് ഫൗണ്ടേഷൻ ഇതുമായി ബന്ധപ്പെട്ട് നിയമപരമായ ധാരണാപത്രങ്ങൾ ഒന്നും ഒപ്പുവെച്ചിട്ടില്ല. ഇത് എഫ്‌സിആർഎ നിയമത്തിന്റെ ലംഘനമാണെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടുന്നു. വി.ഡി. സതീശന്റെ യുകെ യാത്രയ്ക്കുള്ള ടിക്കറ്റ് തരപ്പെടുത്തിയതും അവിടുത്തെ താമസ സൗകര്യങ്ങൾ ഒരുക്കിയതും മണപ്പാട്ട് ഫൗണ്ടേഷനാണ്. ടിക്കറ്റിന്റെ നികുതി അടച്ചതും ഫൗണ്ടേഷനാണെന്ന് ചെയർമാൻ വിജിലൻസിനോട് സമ്മതിച്ചിട്ടുണ്ട്.
വിദേശത്തുനിന്ന് പിരിച്ച പണത്തിന് കൃത്യമായ റെക്കോർഡുകൾ ഫൗണ്ടേഷൻ സൂക്ഷിച്ചിട്ടില്ല. ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും ഫൗണ്ടേഷന്റെ രേഖകളും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. രാഷ്ട്രീയ പ്രേരിതമായ കേസായതിനാൽ എന്ത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കേസ് നിയമപരമായി നിലനിൽക്കില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.