

തിരുവനന്തപുരം: 'പുനർജ്ജനി' പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തു. വിദേശത്തുനിന്ന് ഫണ്ട് സമാഹരിച്ചതിൽ വ്യാപകമായ ക്രമക്കേടും നിയമലംഘനവും നടന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി. ഇതുസംബന്ധിച്ച വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.(Vigilance recommends CBI probe against VD Satheesan, Report handed over to Chief Minister)
കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വിദേശത്തുനിന്ന് പണം സ്വീകരിച്ചത് വഴി വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA) ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം. 2010-ലെ എഫ്‌സിആർഎ സെക്ഷൻ 3 (2) (എ) പ്രകാരം കേസ് സിബിഐ അന്വേഷിക്കണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്.
വിദേശ സന്ദർശനത്തിനായി കേന്ദ്ര അനുമതി വാങ്ങിയ ശേഷം അവിടെ പോയി പണപ്പിരിവ് നടത്തിയെന്നും ആ പണം കേരളത്തിലെ അക്കൗണ്ടുകളിലേക്ക് എത്തിച്ചതിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായും റിപ്പോർട്ടിൽ പറയുന്നു. യുകെയിൽ നടന്ന ചടങ്ങിൽ പ്രളയബാധിതർക്ക് നെയ്ത്തുയന്ത്രം വാങ്ങാൻ ഒരാൾ 500 പൗണ്ട് വീതം നൽകണമെന്ന് വി.ഡി സതീശൻ അഭ്യർത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വിജിലൻസ് പരിശോധിക്കുകയും ഇത് തെളിവായി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.