മലപ്പുറം: ജില്ലയിലെ വിവിധ കെഎസ്ഇബി ഓഫിസുകൾ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് നടത്തുന്ന വൻ അഴിമതികൾ വിജിലൻസ് പിടികൂടി. മഞ്ചേരി, പെരിന്തൽമണ്ണ, നിലമ്പൂർ, വണ്ടൂർ, കൊണ്ടോട്ടി സെക്ഷൻ ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണവും നിയമവിരുദ്ധമായ പണമിടപാടുകളും കണ്ടെത്തിയിട്ടുണ്ട്.(Vigilance raid at KSEB offices, Widespread irregularities uncovered)
പരിശോധന നടന്ന അഞ്ച് സെക്ഷൻ ഓഫിസുകളിൽ നിന്നായി ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും സൂക്ഷിച്ചിരുന്ന 34,000 രൂപ വിജിലൻസ് പിടിച്ചെടുത്തു. മഞ്ചേരി സെക്ഷൻ ഓഫിസിലെ ഒരു സബ് എൻജിനീയർക്ക് താത്കാലിക ജീവനക്കാരൻ ഗൂഗിൾ പേ വഴി 70,500 രൂപ അയച്ചതായി കണ്ടെത്തി.
പെരിന്തൽമണ്ണയിൽ ഒരു കരാറുകാരൻ തന്നെ സ്വന്തം പേരിന് പകരം ബെനാമി പേരുകളിൽ ക്വട്ടേഷൻ നൽകി വഴിവിട്ട രീതിയിൽ ജോലികൾ സ്വന്തമാക്കിയതായി വ്യക്തമായി. മിക്ക ഓഫിസുകളിലും കഴിഞ്ഞ അഞ്ച് വർഷത്തെ ഫയലുകൾ കൃത്യമല്ല. ലോഗ് ബുക്കുകളും സ്ക്രാപ്പ് രജിസ്റ്ററുകളും കൃത്യമായി പരിപാലിക്കുന്നില്ലെന്നും പരിശോധനയിൽ ബോധ്യപ്പെട്ടു.