കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിലെ സൂപ്രൻ്റിങ് എൻജിനീയറുടെ ഫ്ലാറ്റിലും വീടുകളിലും വിജിലൻസ് റെയ്ഡ്. സൂപ്രൻ്റിങ് എൻജിനീയർ എം എസ് ദിലീപ്കുമാറിന്റെ ഫ്ലാറ്റിലും വീടുകളിലും വിജിലൻസ് നടത്തിയ പരിശോധനയിൽ 6,20,000 രൂപ പിടിച്ചെടുത്തു.
വിജിലൻസ് സ്പെഷ്യൽ സെൽ ആണ് പരിശോധന നടത്തിയത്.നാലു മൊബൈൽ ഫോണുകളും ഒരു ടാബ്ലെറ്റും പിടിച്ചെടുത്തിട്ടുണ്ട്.നാളെ വിരമിക്കാനിരിക്കെയാണ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിൽ പരിശോധന നടത്തിയത്.
രാവിലെ ഏഴുമണിക്ക് തുടങ്ങിയ വിജിലൻസ് പരിശോധന രാത്രി 9 മണിക്കാണ് കഴിഞ്ഞത്. കോഴിക്കോട്ടെ താമസ സ്ഥലം,വയനാട്ടിലെ രണ്ടു വീടുകൾ,റിസോർട്ട്,കോർപ്പറേഷൻ ഓഫീസ് എന്നിവിടങ്ങളിലാണ് വിജിലൻസ് പരിശോധന നടത്തിയത്. കോഴിക്കോട്ടെ താമസസ്ഥലത്തു നിന്നും വയനാട്ടിലെ വീട്ടിൽ നിന്നുമാണ് പണം കണ്ടെത്തിയത്.
അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട രേഖകളും സ്ഥിര നിക്ഷേപ രേഖകളും പിടിച്ചെടുത്തവയിൽ ഉൾപ്പെട്ടിട്ടുണ്ട്.ദിലീപ്കുമാർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.ഇതിൻറെ അടിസ്ഥാനത്തിൽ കുറച്ചുനാളായി ഇയാൾ നിരീക്ഷണത്തിലായിരുന്നു. പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായി. തുടർന്ന് ആണ് ഇന്ന് പരിശോധന നടത്തിയത്.