
കൊച്ചി: വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്‍റെ (വി) സംരംഭകത്വ വിഭാഗമായ വി ബിസിനസ് അടുത്ത മൂന്നു വര്‍ഷങ്ങളില്‍ രാജ്യത്തുടനീളമായി 12 ദശലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ച് വൈദ്യുത വിതരണ ശൃംഖലയ്ക്ക് കരുത്തേകും. ആധുനിക മീറ്ററിങ് സംവിധാനവും ഐഒടി സേവനങ്ങളും അതിവേഗത്തില്‍ പ്രയോജനപ്പെടുത്താനും ഇതു സഹായകമാകും.
വൈദ്യുത വിതരണ കമ്പനികളുടെ സാങ്കേതിക, വാണിജ്യ മേഖലകളിലെ നഷ്ടം കുറക്കാനും ഇതു വഴിയൊരുക്കും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വൈദ്യുതി ഉപഭോഗം സംബന്ധിച്ച് തല്‍ക്ഷണ വിവരങ്ങള്‍ ലഭ്യമാക്കുകയും ഐഒടി സ്മാര്‍ട്ട് സെന്‍ട്രല്‍ സംവിധാനം വഴി ദശലക്ഷക്കണക്കിനു മീറ്ററുകളുടെ സമഗ്രമായ വിവരങ്ങള്‍ വിതരണ സ്ഥാപനങ്ങള്‍ക്കു നല്‍കുകയും ചെയ്യാന്‍ ഇവ സഹായകമാകും.
സ്മാര്‍ട്ട് വൈദ്യുത മീറ്റര്‍ രംഗത്ത് ആദ്യമെത്തിയ തങ്ങള്‍ 2018-ലാണ് ആദ്യ സ്മാര്‍ട്ട് മീറ്റര്‍ വിന്യസിച്ചതെന്ന് വി ചീഫ് എന്‍റര്‍പ്രൈസ് ബിസിനസ് ഓഫിസര്‍ അരവിന്ദ് നെവാട്ടിയ പറഞ്ഞു. ഊര്‍ജ്ജ നഷ്ടം കുറക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ഇന്ത്യയിലെമ്പാടും ഉപഭോക്തൃ അനുഭവങ്ങള്‍ മെച്ചപ്പെടുത്താനും 12 ദശലക്ഷം സ്മാര്‍ട്ട് മീറ്ററുകള്‍ വിന്യസിക്കുന്നതു സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.