
ബിഗ് ബോസ് മലയാളം ഏഴാം സീസൺ സംഭവ ബഹുലമായ രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. എല്ലാ ബിഗ് ബോസ് സീസണുകളിലും ചില സൗഹൃദങ്ങൾ ഉണ്ടാകുകയും അതുപോലെ തന്നെ ചില ശത്രുതകൾ ഉണ്ടാവുകയും ഒക്കെ ചെയ്യാറുണ്ട്. പ്രണയം തുടങ്ങി വിവാഹം വരെ എത്തിയ ചരിത്രവും മലയാളം ബിഗ് ബോസിനുണ്ട്. എന്നാൽ കൂടുതൽ ശത്രുത തന്നെയാണ് ബിഗ് ബോസിലൂടെ ഉണ്ടായിട്ടുള്ളതെന്നത് വാസ്തവമാണ്. ഏഴാം സീസൺ വരെ എത്തി നിൽക്കുന്ന മലയാളം ബിഗ് ബോസിലും അത്തരം സംഭവവികാസങ്ങൾ സാധാരണയാണ്.
അത്തരത്തിൽ ഇത്തവണത്തെ ബിഗ് ബോസിൽ ആ പ്രവണത കുറച്ച് അധികമാണെന്നാണ് ആരാധകർ പറയുന്നത്. പലപ്പോഴും മത്സരാർത്ഥികൾ തമ്മിൽ ഫിസിക്കൽ അഗ്രഷനും ഏറ്റുമുട്ടലും ഒക്കെയായി വളരെ വൈൽഡ് ആണ് ഇത്തവണത്തെ ഷോയെന്ന് ആരാധകർ പരാതി പറയുന്നുണ്ട്. അത് നിഷേധിക്കാനാവില്ല. പുറത്തുപോയവർ അകത്തുള്ളവരുമായും വീട്ടിനുള്ളിൽ തുടരുന്നവർ പരസ്‌പരവും വ്യക്തിപരമായി ഏറ്റുമുട്ടുന്ന കാഴ്‌ചയ്ക്ക് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. അങ്ങനെ ബിഗ് ബോസ് വീട്ടിനുള്ളിൽ ചേരി തിരിഞ്ഞുള്ള ആക്രമണങ്ങളും കൂടാതെ വ്യക്തിപരമായി ലക്ഷ്യമിടുന്ന സമ്പ്രദായവും ഒക്കെ വളരെ വ്യക്തമായും പ്രകടമാണ്.
അതിന് ഉദാഹരണമാണ് കഴിഞ്ഞ രണ്ട് ദിവസമായി ബിഗ് ബോസ് ഹൗസിൽ കാണുന്നത്. ആദിലയാണ് അനീഷിനെ നിരന്തരം ട്രിഗർ ചെയ്യാനും മോശമായി പെരുമാറാനും ഒക്കെ തുടങ്ങിയിട്ടുള്ളത്. ഇത് ഒന്നോ രണ്ടോ ടാസ്‌ക് സമയത്തല്ല, മിക്കവാറും എല്ലായ്‌പ്പോഴും ആദില അനീഷിനെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നതോടെ കാര്യങ്ങൾ കൈവിട്ട് പോവുകയാണ്. ഇതിന് പിന്നാലെ ആദിലയ്ക്ക് ഇത് പുറത്ത് വലിയ നെഗറ്റീവ് ആണ് നൽകുന്നത്. അനീഷ് ഇതിനോട് സൗമ്യമായാണ് പ്രതികരിക്കുന്നത് എന്നതും വീഡിയോകളിൽ കാണാമായിരുന്നു.
വെസൽ ടീം നായകൻ എന്ന നിലയിൽ ആദിലയെ പാത്രം കഴുകാൻ വിളിച്ചപ്പോഴാണ് ഏറ്റവും പുതിയ സംഭവവികാസം. അനീഷിനോട് വളരെ മോശമായ നിലയിലാണ് ആദില പെരുമാറുന്നത്. ഇതൊക്കെയും കേട്ട് നിന്നിട്ടും അനീഷ് അതിനോട് പ്രതികരിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നായി പ്രേക്ഷകർ വിലയിരുത്തുന്നത്.