ഇടുക്കി : ചീനിക്കുഴിയിൽ മകനെയും മരുമകളെയും പേരക്കുട്ടികളെയും തീ കൊളുത്തി കൊന്ന കേസിൽ ഇന്ന് വിധി പറയും. തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രഖ്യാപിക്കുക. ചീനിക്കുഴി സ്വദേശി അലിയാക്കുന്നേൽ ഹമീദാണ് കേസിലെ ഏക പ്രതി.(Verdict today in the case of burning and killing of man and family in Idukki)
മുഹമ്മദ് ഫൈസൽ (45, മകൻ), ഷീബ (40, മകന്റെ ഭാര്യ), മെഹ്റിൻ (16, പേരക്കുട്ടി), അസ്ന (13, പേരക്കുട്ടി) എന്നിവരാണ് കൊല്ലപ്പെട്ടത്. 2022 മാർച്ച് 18-നായിരുന്നു കേരളത്തെ നടുക്കിയ ഈ ക്രൂരമായ സംഭവം. കുടുംബവഴക്കിനെ തുടർന്ന്, വീട്ടിലെ കിടപ്പുമുറി പുറത്തു നിന്ന് പൂട്ടിയ ശേഷമാണ് ഹമീദ് തീ കൊളുത്തിയത്. വീടിൻ്റെ വാട്ടർ ടാങ്ക് പൂർണമായും കാലിയാക്കിയ ശേഷം ജനൽ വഴി പെട്രോൾ നിറച്ച കുപ്പികൾ തീകൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിൻ്റെ വൈദ്യുതിയും പ്രതി വിച്ഛേദിച്ചു.
ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ ആരെയും രക്ഷിക്കാൻ സാധിച്ചില്ല. നിലവിളിയും സ്ഫോടന ശബ്ദവും കേട്ടാണ് അയൽവാസികൾ ഓടിയെത്തിയത്. ഉറങ്ങിക്കിടക്കുമ്പോഴാണ് നാല് പേരും വെന്തുമരിച്ചത്.
കേസിൽ 71 സാക്ഷികളെ വിസ്തരിച്ച ശേഷമാണ് വാദം പൂർത്തിയായത്. ദൃക്‌സാക്ഷികളുടേത് ഉൾപ്പെടെയുള്ള മൊഴികൾ പ്രോസിക്യൂഷന് അനുകൂലമാണ്. തെളിവായി പ്രോസിക്യൂഷൻ 139 രേഖകളും കോടതിയിൽ ഹാജരാക്കി. പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷൻ പ്രതീക്ഷിക്കുന്നത്.