തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. പ്രോസിക്യൂഷൻ ഇന്ന് ഹാജരാക്കുന്ന പുതിയ തെളിവുകൾ കൂടി പരിഗണിച്ച് വാദം കേട്ട ശേഷമാകും കോടതി വിധി പ്രസ്താവിക്കുക.( Verdict on Rahul Mamkootathil's anticipatory bail plea today)
ഇന്നലെ, അടച്ചിട്ട കോടതി മുറിയിൽ ഒന്നര മണിക്കൂറോളമാണ് പ്രതിഭാഗവും പ്രോസിക്യൂഷനും വാദങ്ങൾ നടത്തിയത്. യുവതിയെ എം.എൽ.എ നിരന്തരം പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പരാതിക്ക് പിന്നിൽ സി.പി.എം - ബി.ജെ.പി രാഷ്ട്രീയ ഗൂഢാലോചനയാണ് എന്നായിരുന്നു രാഹുലിന്റെ പ്രധാന വാദം. തന്റെ ഓഡിയോ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതിൽ ഗൂഢാലോചനയുണ്ടെന്നും, യുവതിയുടെ സമ്മതത്തോടെയാണ് ഗർഭഛിദ്രം നടന്നതെന്നുമാണ് രാഹുൽ കോടതിയിൽ വാദിച്ചത്.
ഇന്നലെ വാദം നീട്ടിയെങ്കിലും രാഹുലിന്റെ അറസ്റ്റ് തടയാൻ കോടതി തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവിൽ എട്ട് ദിവസമായി രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ തുടരുകയാണ്.
കോൺഗ്രസ് എം.എൽ.എ ആയ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി എടുക്കേണ്ട അച്ചടക്ക നടപടി സംബന്ധിച്ച തീരുമാനം കോടതി വിധി കൂടി പരിഗണിച്ച് കെ.പി.സി.സി. എടുക്കും. പുറത്താക്കാൻ ധാരണയായെങ്കിലും, കോടതിയുടെ നിലപാട് കേട്ട ശേഷം മതി അന്തിമ തീരുമാനം എന്ന നിലപാടിലേക്ക് പാർട്ടി നേതൃത്വം എത്തുകയായിരുന്നു.
അച്ചടക്ക നടപടി നീളുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. കോടതി വിധിക്ക് ശേഷം നേതാക്കൾ കൂടിയാലോചിച്ചാകും രാഹുലിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. എം.എൽ.എ. സ്ഥാനത്ത് നിന്ന് രാജിവെക്കാൻ പാർട്ടി ആവശ്യപ്പെടാൻ സാധ്യതയില്ലെന്നും സൂചനകളുണ്ട്.