തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ, ആശുപത്രിയിലെ ചികിത്സാ നിലവാരത്തിലെ ദുരിതം തുറന്നുപറഞ്ഞ് ഡോക്ടർ ഹാരിസ് ഹസൻ. വേണുവിനെ തറയിൽ കിടത്തിയാണ് ചികിത്സിച്ചതെന്നും, ഇത് 'പ്രാകൃതമായ നിലവാരമാണ്' എന്നും അദ്ദേഹം വിമർശിച്ചു.
"തറയിൽ എങ്ങനെയാണ് ഒരാളെ കിടത്തുന്നത്? ഒരാൾക്ക് എങ്ങനെയാണ് അങ്ങനെ ഒരു അവസ്ഥയിലേക്ക് പോകാൻ കഴിയുന്നത്? എങ്ങനെ ആധുനിക സംസ്കാരത്തിൽ തറയിൽ കിടത്തി ചികിത്സിക്കാനാകും?" — ഡോ. ഹാരിസ് ഹസൻ ചോദിച്ചു. ഒരിക്കൽ ഈ അവസ്ഥ ചൂണ്ടിക്കാട്ടിയപ്പോൾ തനിക്ക് വിഷമകരമായ അവസ്ഥയുണ്ടായതായും അദ്ദേഹം വെളിപ്പെടുത്തി. നിരവധി പേർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തുന്നുണ്ടെങ്കിലും, അത്രയും പേരെ ഉൾക്കൊള്ളാനുള്ള സൗകര്യം അവിടെ ഇല്ലെന്നും ഡോക്ടർ പറഞ്ഞു.
"നാടാകെ മെഡിക്കൽ കോളജ് തുടങ്ങിയിട്ട് കാര്യമില്ല. സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ ഉള്ള ആശുപത്രികൾ വേണം."കോന്നി മെഡിക്കൽ കോളജ് തുടങ്ങിയെങ്കിലും അവിടെ അടിസ്ഥാന സൗകര്യം കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.നിലവിലുള്ള മെഡിക്കൽ കോളജുകൾ ശക്തിപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ഡോ. ഹാരിസ് ഹസൻ കൂട്ടിച്ചേർത്തു.