തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ മതിയായ ചികിത്സ കിട്ടാതെ കൊല്ലം സ്വദേശി വേണു (കൊല്ലം) മരിച്ചെന്ന ഗുരുതരമായ ആരോപണത്തിൽ, അന്വേഷണച്ചുമതലയുള്ള ഡോക്ടർമാരുടെ സംഘം ഇന്ന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് (ഡി.എം.ഇ.) റിപ്പോർട്ട് സമർപ്പിക്കും. ഇതിനിടെ, ആശുപത്രിയിൽ ചികിത്സയിലിരിക്കെ വേണു ബന്ധുവിന് അയച്ച കൂടുതൽ ഓഡിയോ സന്ദേശങ്ങൾ പുറത്തുവന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു.(Venu's death, Investigation report to be submitted to DME today)
ആശുപത്രിയിൽ കിടന്നുകൊണ്ട് വേണു ബന്ധുവിന് അയച്ച പുതിയ ഓഡിയോ സന്ദേശം തന്റെ ആരോഗ്യനിലയെക്കുറിച്ചും ലഭിക്കുന്ന ചികിത്സയെക്കുറിച്ചുമുള്ള ആശങ്കകൾ വ്യക്തമാക്കുന്നതാണ്. "തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്തം ആശുപത്രി ഏൽക്കുമോ? കുടുംബത്തിന് ഉണ്ടാകുന്ന നഷ്ടം അവർക്ക് നികത്താനാകുമോ? ആശ്രയം തേടി വരുന്ന സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോ? അത്രയും സങ്കടം വന്നിട്ടാണ് ഇത് അയക്കുന്നത്," - വേണുവിന്റെ സന്ദേശത്തിൽ പറയുന്നു.
ഹൃദയാഘാതം വന്ന രോഗിക്ക് കിടക്ക പോലും കിട്ടിയില്ലെന്നും തറയിൽ തുണി വിരിച്ചാണ് കിടത്തിയതെന്നും വേണുവിന്റെ ഭാര്യ സിന്ധു ആവർത്തിച്ചു ആരോപിക്കുന്നു. ജോയിന്റ് ഡി.എം.ഇ.യുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് സംഭവത്തിൽ അന്വേഷണം നടത്തിയത്. അന്വേഷണ സംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കുമെങ്കിലും, പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ചികിത്സാ പ്രോട്ടോകോളിൽ കാര്യമായ വീഴ്ചകളില്ലെന്നാണ് അവരുടെ നിഗമനം.
കാർഡിയോളജി വിഭാഗം ഡോക്ടർമാർ അന്വേഷണ സംഘത്തിന് മുന്നാകെ, പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ വേണുവിന് നൽകിയിരുന്നു എന്ന് മൊഴി നൽകി. കേസ് ഷീറ്റിലെ വിവരങ്ങൾ അനുസരിച്ച് ചികിത്സ സംബന്ധിച്ച് പ്രശ്‌നങ്ങളില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
എങ്കിലും, വേണുവിന്റെ ശബ്ദ സന്ദേശം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തണം എന്ന് റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. ഇതിനായി വേണുവിന്റെ ഭാര്യ സിന്ധുവിൽ നിന്ന് വിവരങ്ങൾ തേടും. ലഭിച്ച റിപ്പോർട്ട് വിശദമായി പഠിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. അതിനുശേഷം, ഈ റിപ്പോർട്ടുകൾ ഉൾപ്പെടുത്തി ആരോഗ്യ മന്ത്രിക്ക് അന്തിമ റിപ്പോർട്ട് കൈമാറും.