തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ 16 വയസ്സുകാരനെ ഐ.എസ്. (ഇസ്ലാമിക് സ്റ്റേറ്റ്) തീവ്രവാദ ഗ്രൂപ്പിൽ ചേർക്കാൻ പ്രേരിപ്പിച്ച സംഭവത്തിൽ എ.ടി.എസ്. (ഭീകരവിരുദ്ധ സ്ക്വാഡ്) വിശദമായ അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മയുടെ ആൺസുഹൃത്തിൻ്റെ പൂർവ്വകാല വിവരങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. എൻ.ഐ.എയും കേസിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.(Venjaramoodu ISIS recruitment case, ATS intensifies investigation)
സംഭവത്തിന് കനകമല ഐ.എസ്. റിക്രൂട്ട്‌മെൻ്റ് കേസുമായി ബന്ധമുണ്ടോ എന്ന സാധ്യതയും എ.ടി.എസ്. പരിശോധിക്കുന്നുണ്ട്. ഐ.എസ്സിൽ ചേരാൻ പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട ഫോൺ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മയും അവരുടെ ആൺസുഹൃത്തുമാണ് കേസിൽ പ്രതികൾ.
അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യു.എ.പി.എ. ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. പ്രതികൾ നിലവിൽ യു.കെയിൽ ആയതിനാൽ, അവരെ നാട്ടിലെത്തിക്കുന്നതിനായി നിയമോപദേശം തേടാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഏജൻസികൾ.
വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് മതം മാറ്റം നടത്തിയിരുന്നു. പിന്നീട് ഈ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെയാണ് ഐ.എസ്സിൽ ചേരാൻ പ്രേരിപ്പിച്ചത്. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യു.കെയിലാണ് താമസിച്ചുവന്നിരുന്നത്. കുട്ടി യു.കെയിലെത്തിയപ്പോൾ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കാട്ടി സ്വാധീനിക്കാൻ ശ്രമം നടന്നു.
തിരികെ നാട്ടിലെത്തിയ ദമ്പതികൾ കുട്ടിയെ ആറ്റിങ്ങൽ പരിധിയിലുള്ള ഒരു മതപഠന ശാലയിലാക്കി. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ട മതപഠന ശാല അധികൃതർ അമ്മയുടെ വീട്ടിൽ വിവരം അറിയിച്ചു. ഇതോടെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു.