തിരുവനന്തപുരം : വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ കൂട്ടക്കൊലപാതകം നടത്താനായി ചുറ്റിക തന്നെ തിരഞ്ഞെടുത്തതിൻ്റെ കാരണം മനസിലാക്കിയെന്ന് പറഞ്ഞ് പോലീസ്. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നിർണായകമായ വിവരങ്ങൾ ലഭിച്ചത്. പ്രതിക്കായി പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. (Venjarammoodu mass murder case)
കൊല നടത്തുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ അഫാൻ പല വിധത്തിലുള്ള ആയുധങ്ങളെക്കുറിച്ച് ഫോണിൽ തിരഞ്ഞിരുന്നു. ഇവ ഉപയോഗിക്കുന്ന രീതിയും യൂട്യൂബിലൂടെ മനസിലാക്കി. ഇയാൾ രാത്രി ഉറക്കമൊഴിഞ്ഞ് ഫോൺ ഉപയോഗിക്കുന്ന കാര്യം മാതാവ് ബന്ധുക്കളോടും പറഞ്ഞിരുന്നു. ചുറ്റിക തിരഞ്ഞെടുത്തതിൻ്റെ കാരണം മനസിലാക്കിയ പോലീസ് അന്വേഷണം നടക്കുന്നതിനാൽ തന്നെ വിവരം പുറത്തുവിട്ടിട്ടില്ല.
മുത്തശ്ശിയെ കൊലപ്പെടുത്തി മാലയെടുത്ത് പണയം വച്ച് 75000 രൂപ വാങ്ങിയ പ്രതി, 40000 രൂപ നൽകിയത് വായ്പ നൽകിയ സഹകരണ സംഘത്തിനാണെന്ന് പോലീസ് കണ്ടെത്തി. കൊലപാതക ദിവസം ഇവർ എത്തുന്നത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത്. ഗൂഗിൾ പേ വഴിയാണ് പണം അയച്ചത്.
തലേദിവസം അൻപതിനായിരം രൂപയ്ക്കായി ഉമ്മയും അഫാനും ബന്ധുവീട്ടിൽ പോയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. ഷെമി കൊല നടന്ന ദിവസം രാവിലെയും ബന്ധുവിനെ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പ്രതിയുടെയും പിതാവിൻ്റെയും മൊഴിയിൽ വൈരുധ്യങ്ങൾ ഉണ്ടെന്നാണ് പോലീസ് അറിയിക്കുന്നത്. അബ്‌ദുൾ റഹീം പറയുന്നത് 15 ലക്ഷം മാത്രമേ കടമുണ്ടായിരുന്നുള്ളൂവെന്നാണ്. മകൻ നാട്ടിൽ നിന്നും പണം അയച്ചു തന്നിട്ടില്ലന്നും ഇയാൾ കൂട്ടിച്ചേർത്തു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രത്യേക സെല്ലിൽ കഴിയുകയാണ് പ്രതി.