ആലപ്പുഴ: മാധ്യമപ്രവർത്തകനെ തീവ്രവാദി എന്ന് വിളിച്ചതിൽ ഉറച്ചുനിൽക്കുന്നതായും എന്നാൽ താൻ 'മതതീവ്രവാദി' എന്ന് ആരെയും വിശേഷിപ്പിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തീവ്രമായി സംസാരിക്കുന്നവരെ തീവ്രവാദി എന്ന് വിളിക്കുന്നതിൽ തെറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.സത്യം ബോധ്യപ്പെടുത്താൻ മാധ്യമങ്ങളെ വീട്ടിലേക്ക് വിളിച്ചുവരുത്തിയപ്പോൾ ഒരു ചാനൽ റിപ്പോർട്ടർ തന്നെ സംസാരിക്കാൻ അനുവദിക്കാതെ പ്രശ്നമുണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഒരു ചാനൽ വിചാരിച്ചാൽ തനിക്ക് ഒന്നും സംഭവിക്കില്ലെന്നും തനിക്ക് ആരെയും ഭയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീം ലീഗ് നേതാക്കൾ ഭരണം പിടിക്കാൻ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് എസ്എൻഡിപിയെ കൂടെക്കൂട്ടുമെന്നും എന്നാൽ ഭരണം കിട്ടിക്കഴിഞ്ഞാൽ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ ലീഗ് സാമൂഹ്യനീതി നടപ്പിലാക്കിയില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ശിവഗിരിയിൽ വച്ച് മാധ്യമപ്രവർത്തകൻ റഹീസ് റഷീദ് ഉന്നയിച്ച ചോദ്യങ്ങളിൽ പ്രകോപിതനായാണ് വെള്ളാപ്പള്ളി ഇയാളെ 'തീവ്രവാദി' എന്ന് വിളിച്ചത്. റിപ്പോർട്ടർ ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാൾക്ക് പിന്നിൽ അജണ്ടകളുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ പത്രപ്രവർത്തക യൂണിയൻ (KUWJ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കൂടാതെ, മതസ്പർദ്ധ വളർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തിനെതിരെ ഡിജിപിക്ക് പരാതിയും ലഭിച്ചിട്ടുണ്ട്.