കൊച്ചി : വിഡി സതീശനെതിരെ വിമർശനം ശക്തമാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും അഹങ്കാരവും ധാര്‍ഷ്ട്യവുമുള്ള പ്രതിപക്ഷ നേതാവാണ് വി ഡി സതീശന്‍.പറവൂരിലെ എസ്എന്‍ഡിപി പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാല്‍ താന്‍ എസ്.എൻ.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കും. യുഡിഎഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും 100 സീറ്റ് കിട്ടിയില്ലെങ്കില്‍ സതീശൻ രാജിവച്ച് വനവാസത്തിന് പോകുമോ?താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും അഹങ്കാരവും ധാര്‍ഷ്ട്യവുമുള്ള പ്രതിപക്ഷ നേതാവാണ് വി ഡി സതീശന്‍. മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് ഈ അഹങ്കാരം കാണിക്കുന്നത്. ഈഴവന്റെ ബുദ്ധിയെയാണ് സതീശന്‍ ചോദ്യം ചെയ്യുന്നത്. ഈഴവനായ സുധാകരനെ സ്ഥാനത്ത് നിന്നും പുറത്ത് ചാടിച്ചു. താന്‍ ശ്രീനാരായണ ധര്‍മ്മം പഠിക്കണമെന്നാണ് സതീശന്‍ പറയുന്നത്. അയാൾ തന്നെ ശ്രീനാരായണ ധര്‍മ്മം പഠിപ്പിക്കേണ്ടതില്ല. ഈഴവന് വേണ്ടി സതീശന്‍ എന്ത് ചെയ്തു? നാളെ തോല്‍ക്കാന്‍ വേണ്ടിയിട്ടാണ് സതീശന്‍ ഇതൊക്കെ പറയുന്നത്.
മൂന്നാഴ്ച മുൻപ് സതീശൻ തന്നെ വീട്ടിൽ വന്നു കണ്ടോട്ടെ എന്ന് ചോദിച്ചിരുന്നു. വരാൻ താൻ അനുവാദം നൽകി. ആ സതീശനാണ് തന്നെ കുറിച്ച് വിമർശനം ഉന്നയിക്കുന്നത്.താൻ മുസ്ലിം വിരോധി അല്ല. നിലപാടുകളിൽ ഉറച്ച് നിൽക്കുന്നയാളാണ് താൻ. എന്ത് വന്നാലും അതിൽ നിന്ന് പിൻമാറില്ല. താന്‍ മുസ്ലിം വിരോധിയാണെന്ന് പറഞ്ഞു പരത്തുന്നതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്.
മുസ്ലിം ലീഗ് പറയുന്നതിന് അനുസരിച്ച് ചാടിക്കളിക്കുന്ന കുഞ്ഞിരാമന്മാരായി ഇവിടുത്തെ കോണ്‍ഗ്രസ് അധഃപതിച്ചില്ലേ.മലപ്പുറത്ത് പോയി പറഞ്ഞത് ഈഴവ സമുദായത്തിൻ്റെ അവസ്ഥയെക്കുറിച്ചാണ്. കൊലച്ചതിയാണ് ഈഴവ സമുദായത്തോട് ചെയ്തത്. മലപ്പുറത്ത് സമുദായത്തിന് ഒരു കുടിപ്പള്ളിക്കൂടം പോലും ഇല്ല. മലപ്പുറം കേന്ദ്രീകരിച്ച് സംസ്ഥാനം വേണമെന്ന് പറഞ്ഞവരാണ് മതേതരത്വം പറയുന്നത്. താൻ സത്യങ്ങൾ പറയുമ്പോൾ തന്നെ വർഗീയവാദി ആക്കുന്നു.