
ആലപ്പുഴ: ദേശീയ വിദ്യാഭ്യാസ നയം (NEP) എല്ലാവരും നടപ്പിലാക്കുന്നുണ്ടെങ്കിൽ കേരളവും അത് നടപ്പാക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. സി.പി.ഐ.യുടെ എതിർപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടാൽ മാറിക്കോളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Vellapally Natesan says National Education Policy should be implemented in Kerala)
"ദേശീയ വിദ്യാഭ്യാസ നയം എല്ലാവരും നടപ്പിലാക്കുന്നെങ്കിൽ നമ്മളും നടപ്പിലാക്കണം. എൻ.ഇ.പി. മറ്റെല്ലാവരും നടപ്പാക്കുമ്പോൾ കേരളം മാത്രം എന്തിന് മാറി നിൽക്കണം? സി.പി.ഐ. എല്ലാ കാര്യങ്ങളും അവസാനം സമ്മതിക്കും. മൗനം വിദ്വാന് ഭൂഷണം, അതാണ് സി.പി.ഐക്ക് നല്ലത്. കാവിവൽക്കരണം എന്ന് പറഞ്ഞ് എതിർത്തിട്ട് കാവി എവിടെ വരെ എത്തി? പത്തുകൊല്ലമായി രാജ്യം ഭരിക്കുന്നില്ലേ. സി.പി.ഐ.യുടെ എതിർപ്പ് മാറിക്കോളും. പിണറായി പറഞ്ഞാൽ മിണ്ടാതിരുന്നോളും," വെള്ളാപ്പള്ളി പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്രതികരിച്ച വെള്ളാപ്പള്ളി നടേശൻ, "ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ" എന്ന് പറഞ്ഞു. നിലവിലെ സകല ദേവസ്വം ബോർഡുകളും പിരിച്ചുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സർക്കാരിനെതിരെ തിരിഞ്ഞുവിടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
ദേവസ്വം മന്ത്രി രാജി വെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തികച്ചും രാഷ്ട്രീയമാണെന്ന് വെള്ളാപ്പള്ളി വിമർശിച്ചു. "പുതിയൊരു സംവിധാനം കൊണ്ടുവരണം. ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനെ സെക്രട്ടറിയായി നിയമിക്കണം. ഹൈക്കോടതി ശക്തമായ നടപടി എടുക്കുന്നുണ്ട്. സർക്കാരും നല്ല നടപടികൾ എടുക്കുന്നു. പിന്നെ എന്തിനാണ് ഹൈന്ദവ സംഘടനകൾ പ്രതിഷേധിക്കണം," വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.