ചേർത്തല : ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം ശരിയായ ദിശയിൽ നീങ്ങിയാൽ തന്ത്രിയിലേയ്ക്കും എത്തുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എ. പത്മകുമാർ കുഴപ്പക്കാരനാണെന്ന് നേരത്തെ പറഞ്ഞതിന്റെ പേരിൽ തന്നെ ക്രൂശിക്കാനാണ് ശ്രമിച്ചതെന്നും വെള്ളാപ്പള്ളി വെളുപ്പെടുത്തി.
ദേവസ്വം ബോർഡ് പ്രസിഡന്‍റ് എന്ന നിലയിലുള്ള പ്രവർത്തന കാലയളവിൽ സ്വന്തം ആസ്തി വർദ്ധിപ്പിക്കാനാണ് പത്മകുമാർ ശ്രമിച്ചത്. ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോൾ വസ്തുക്കച്ചവടത്തിലും വാഹന ഇടപാടിലൂമായിരുന്നു പത്മകുമാർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ശബരിമലയിൽ തന്ത്രിക്ക് ദക്ഷിണ വെയ്ക്കാതെ ആർക്കും ഒന്നും ചെയ്യാനാകില്ല. ഇഅന്വേഷണം ശരിയായ ദിശയിൽ നീങ്ങിയാൽ തന്ത്രിയിലേയ്ക്കും എത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ലൈംഗികാരാേപണം നേരിടുന്ന രാഹൂൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയ ധാർമ്മികത കണക്കിലെടുത്ത് എം.എൽ.എ സ്ഥാനത്തുനിന്ന് മാറിനിൽക്കണം. ഇനിയും ഇയാൾക്ക് പുണ്യവാളൻ പരിവേഷം നൽകുന്നത് കോൺഗ്രസിന്റെ സർവനാശത്തിന് കാരണമാകും. പശ്ചാത്താപം ഉണ്ടെങ്കിൽ ഇയാൾ രാഷ്ട്രീയം മതിയാക്കി വനവാസത്തിന് പോകണം. പരാതി ഇല്ലെന്ന പേരിൽ ഒഴിഞ്ഞുമാറി പുണ്യവാളനാകാനാണ് ഇതുവരെ ഇയാൾ ശ്രമിച്ചത്. ഇനി ഇത് വിലപ്പോവില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.