ആലപ്പുഴ: കേരളത്തിലെ സാമൂഹിക സാഹചര്യത്തിൽ നായർ-ഈഴവ ഐക്യം അനിവാര്യമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈ ഐക്യനീക്കം മറ്റ് സമുദായങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ 'ഇന്നലെ പൂത്ത തകര' എന്ന് വിശേഷിപ്പിച്ച് രൂക്ഷമായ ഭാഷയിലാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്.(Vellapally Natesan harshly criticizes VD Satheesan)
'നായാടി മുതൽ നമ്പൂതിരി വരെ' എന്ന സങ്കല്പം എസ്.എൻ.ഡി.പി എന്നും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. എൻ.എസ്.എസും എസ്.എൻ.ഡി.പിയും തമ്മിലുണ്ടായിരുന്ന അകൽച്ചയ്ക്ക് കാരണം മുസ്ലിം ലീഗ് ആണെന്ന് അദ്ദേഹം ആരോപിച്ചു. സംവരണ വിഷയത്തിൽ തന്നെ മുൻനിർത്തി സമരം ചെയ്ത ലീഗ് പിന്നീട് തന്നെ ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താൻ മുസ്ലിം വിരോധിയല്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. മുസ്ലിം ലീഗിലെ വർഗീയതയെയാണ് താൻ എതിർക്കുന്നത്. മലപ്പുറം പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ച് തന്നെ വർഗീയവാദിയാക്കാൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തനിക്കെതിരെ നടത്തുന്ന പരാമർശങ്ങളെ വെള്ളാപ്പള്ളി തള്ളി.
രമേശ് ചെന്നിത്തലയോ എ.കെ ആന്റണിയോ തന്നെ വർഗീയവാദി എന്ന് വിളിച്ചാൽ അത് അംഗീകരിക്കാം. കാന്തപുരം ഇരുന്ന വേദിയിൽ വെച്ചുതന്നെ സതീശനെ അദ്ദേഹം തിരുത്തിയിട്ടുണ്ടെന്നും വെള്ളാപ്പള്ളി ഓർമ്മിപ്പിച്ചു. താൻ കോൺഗ്രസ് വിരുദ്ധനല്ലെന്നും നേതാക്കളുമായി നല്ല ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈഴവ സമുദായത്തെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഇതിനെതിരെ ചർച്ച ചെയ്യാൻ എസ്.എൻ.ഡി.പിയുടെ എല്ലാ ശാഖാ സെക്രട്ടറിമാരെയും ഭാരവാഹികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ യോഗം ജനുവരി 21-ന് ആലപ്പുഴയിൽ ചേരുമെന്ന് അദ്ദേഹം അറിയിച്ചു.
അതേസമയം, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അധിക്ഷേപ പരാമർശങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വർഗീയതയ്‌ക്കെതിരായ തന്റെ നിലപാടിൽ ഒരു തുള്ളി വെള്ളം ചേർക്കില്ലെന്നും ആ നിലപാടിൽ ഉറച്ചുനിന്ന് പോരാടി വീരാളിപ്പട്ട് പുതച്ചു കിടക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
വെള്ളാപ്പള്ളി നടേശൻ പലരുടെയും ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിനുള്ള ഉപകരണമായി മാറുകയാണ്. വർഗീയതയുടെ കാര്യത്തിൽ വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ പൊന്നാട അണിയിച്ച് സ്വീകരിക്കുകയാണ് ചെയ്തതെന്നും സതീശൻ കുറ്റപ്പെടുത്തി.
വർഗീയതയോട് നേരിട്ട് ഏറ്റുമുട്ടി മരിക്കാൻ താൻ തയ്യാറാണ്. എന്നാൽ ഭീരുക്കളെപ്പോലെ പിന്നിൽ നിന്ന് വെട്ടേറ്റ് മരിക്കാൻ തന്നെ കിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താൻ തിരുവനന്തപുരത്ത് സംസാരിച്ചത് മുഖ്യമന്ത്രിക്കെതിരെയാണ്. വർഗീയത ആര് പറഞ്ഞാലും അതിനെ എതിർക്കുക തന്നെ ചെയ്യും. ആ നിലപാടിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.