

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും രാഷ്ട്രീയ ആരോപണങ്ങളുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. സതീശൻ വർഗീയവാദികൾക്ക് കുടപിടിക്കുകയാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവുനയമാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി കൊച്ചിയിൽ പറഞ്ഞു.
വി.ഡി. സതീശൻ മുസ്ലീം ലീഗിന്റെ നാവാണ്. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഭരിക്കാൻ പോകുന്നത് ലീഗായിരിക്കുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. സതീശൻ സ്വീകരിക്കുന്നത് രാഷ്ട്രീയ മര്യാദയില്ലാത്ത നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"സതീശന് വട്ടാണ്, അയാളെ ഊളമ്പാറയിൽ ചികിത്സയ്ക്ക് അയക്കണം" എന്നതടക്കമുള്ള കടുത്ത പരാമർശങ്ങൾ വെള്ളാപ്പള്ളി നടത്തി. സതീശൻ ഒരു തികഞ്ഞ ഈഴവ വിരോധിയാണെന്നും അദ്ദേഹം ആരോപിച്ചു.
എൻ.എസ്.എസുമായി ഐക്യം: എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും തമ്മിലടിപ്പിച്ചത് യു.ഡി.എഫ് ആണ്. ഇനി എൻ.എസ്.എസുമായി കലഹത്തിനില്ലെന്നും മറിച്ച് സമരസപ്പെട്ട് മുന്നോട്ട് പോകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി "നായാടി മുതൽ നസ്രാണി വരെ" എന്ന പുതിയ മുദ്രാവാക്യവും വെള്ളാപ്പള്ളി മുന്നോട്ടുവെച്ചു.
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. തന്റെ മലപ്പുറം പ്രസംഗം വിവാദമാക്കുന്നത് വർഗീയ ലഹള ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. പൊതു അജണ്ടയിൽ മുസ്ലീം സമുദായം വരികയാണെങ്കിൽ അവരെയും ഉൾപ്പെടുത്താൻ തയ്യാറാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി, മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.