
കൊച്ചി: ഭൂട്ടാനില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന വാഹനങ്ങള്‍ കണ്ടെത്താനുള്ള കസ്റ്റംസിന്‍റെ ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങൾ നൽകിയ രേഖകൾ വിശ്വാസ്യയോഗ്യമല്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് (ഇഡി). വാഹനം വാങ്ങിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണ് താരങ്ങൾ അന്വേഷണ സംഘത്തിനു കൈമാറിയത്. ഇവയിൽ പലതും അപൂർണവും വിശ്വാസ യോഗ്യത ഇല്ലാത്തതുമാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. രേഖകളിൽ കൂടുതല്‍ പരിശോധനകള്‍ വേണ്ടിവരുമെന്നും ഇഡി വ്യക്തമാക്കി. ഇതോടെ വാഹനത്തിന്‍മേലുള്ള നടപടികള്‍ ഒഴിവായിക്കിട്ടാന്‍ ഇനിയും സമയമെടുത്തേക്കും.
അതേസമയം, കേസിൽ അന്വേഷണം തുടരാനാണ് കേന്ദ്ര ഏജന്‍സികളുടെ തീരുമാനം. ഓപ്പറേഷന്‍ നുംഖോറിന്‍റെ ഭാഗമായി ദുൽക്കര്‍ സല്‍മാനിൽ നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് റോവര്‍, ഉപാധികളോടെ കസ്റ്റംസ് വിട്ടുനല്‍കിയിരുന്നു. ഹൈക്കോടതി നിര്‍ദേശമനുസരിച്ച് ദുല്‍ക്കര്‍ നല്‍കിയ അപേക്ഷയിൽ, ബോണ്ടിന്‍റെയും 20 ശതമാനം ബാങ്ക് ഗ്യാരന്‍റിയുടേയും അടിസ്ഥാനത്തിലാണ് വാഹനം വിട്ടു നല്‍കിയിട്ടുള്ളത്.
എന്നിരുന്നാലും, കേസ് കഴിയുന്നതുവരെ ദുല്‍ക്കറിന് ഈ വാഹനം ഉപയോഗിക്കാൻ കഴിയില്ല. കേരളത്തിനു പുറത്തു കൊണ്ടുപോകാനും സാധിക്കില്ല. ആവശ്യപ്പെട്ടാല്‍ അന്വേഷണ സംഘത്തിന് മുന്നിൽ വാഹനം ഹാജരാക്കണമെന്ന നിബന്ധനയുമുണ്ട്. ഭൂട്ടാനില്‍ നിന്ന് കടത്തിക്കൊണ്ടുവന്നെന്ന ബോധ്യത്തിന്‍റെയും ഇന്‍റലിജന്‍സ് വിവരത്തിന്‍റെയും അടിസ്ഥാനത്തിലാണ് ദുല്‍ക്കറിന്‍റെ വാഹനം പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടായിരുന്നു.