തിരുവനന്തപുരം: വീര സവർക്കർ പുരസ്‌കാരം ഏറ്റുവാങ്ങാനുള്ള ശശി തരൂർ എം.പി.യുടെ നീക്കത്തിനെതിരെ കോൺഗ്രസിനുള്ളിൽ കടുത്ത എതിർപ്പ് ഉയർന്നതിനെത്തുടർന്ന് അദ്ദേഹം പരിപാടിയിൽ നിന്നും പിന്മാറി. പാർട്ടിയുമായി ആലോചിക്കാതെയാണ് പുരസ്‌കാരം സ്വീകരിക്കാൻ തീരുമാനിച്ചതെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
എച്ച്ആർഡിഎസ് ഇന്ത്യ സംഘടിപ്പിക്കുന്ന ചടങ്ങിൽ വെച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗാണ് പുരസ്‌കാരം സമ്മാനിക്കേണ്ടിയിരുന്നത്. അവാർഡ് ദാനത്തിന് തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു എന്ന് സംഘാടകർ പ്രതികരിച്ചിരുന്നു. എന്നാൽ, കോൺഗ്രസ് വിമർശനം ശക്തമായതോടെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തരൂരിന്റെ ഓഫീസ് അറിയിക്കുകയായിരുന്നു. മറ്റൊരു പരിപാടിയിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം കൊൽക്കത്തയിലേക്ക് പോകുമെന്നും ഓഫീസ് വ്യക്തമാക്കി. വിവാദങ്ങളോട് പ്രതികരിക്കാനായി മാധ്യമങ്ങൾ വീട്ടിലെത്തിയെങ്കിലും തരൂർ പ്രതികരിക്കാൻ തയ്യാറായില്ല. പിന്നീട് ഓഫീസാണ് നിലപാട് അറിയിച്ചത്.
ശശി തരൂർ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് തന്നെയാണ് തന്റെ വിശ്വാസമെന്ന് കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. കോൺഗ്രസിന്റെ രക്തം തരൂരിന്റെ സിരകളിൽ അവശേഷിക്കുന്നുണ്ടെങ്കിൽ അദ്ദേഹം ഈ അവാർഡ് നിർബന്ധമായും നിരസിക്കണം. "ആർഎസ്എസുമായി ബന്ധമുള്ള സംഘടനയാണ് എച്ച്ആർഡിഎസ്. ഒരുപാട് വിവാദങ്ങളും പരാതികളും ഈ സംഘടനയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്നുണ്ട്. പുരസ്‌കാരത്തിനെതിരെ തരൂർ ശക്തമായി പ്രതികരിക്കണം."
കോൺഗ്രസ് പ്രവർത്തകരുടെ ഉള്ളിൽ ശശി തരൂരിനുള്ള സ്ഥാനം നഷ്ടപ്പെടുത്താനുള്ള ബിജെപിയുടെയും ആർഎസ്എസിന്റെയും ബോധപൂർവമായ നീക്കമാണിതെന്നും ഉണ്ണിത്താൻ ആരോപിച്ചു. "ശശി തരൂർ ഈ കെണിയിൽ വീഴരുത്. കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്. അതിന് ആക്കം കൂട്ടുന്ന പ്രവർത്തി കോൺഗ്രസിന്റെ രക്തം സിരകളിൽ ഒഴുകുന്ന ആരും ചെയ്യാൻ പാടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. അവാർഡ് സ്വീകരിച്ചാൽ എന്ത് നടപടി സ്വീകരിക്കണമെന്ന് എഐസിസി തീരുമാനിക്കുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
പുടിന്റെ അത്താഴ വിരുന്നിൽ തരൂരിനെ ക്ഷണിച്ചത് എന്തുകൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകുമെന്നും, അതിൽ കൂടുതൽ വിശദീകരണം ആവശ്യമില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.