

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ ഹൃദ്രോഗി മരിച്ചെന്ന കുടുംബത്തിന്റെ പരാതിയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മെഡിക്കൽ കോളേജിലെ ആരോഗ്യ സംവിധാനം തകർന്നതിന്റെ അവസാനത്തെ ഇരയാണ് മരിച്ച രോഗിയെന്ന് അദ്ദേഹം പ്രതികരിച്ചു.(Veena George is Not worthy to continue as Health Minister, VD Satheesan on Venu's death)
ആരോഗ്യ മന്ത്രി തൽസ്ഥാനത്ത് തുടരാൻ അർഹയല്ല എന്നും മന്ത്രി സ്വയം രാജിവെച്ച് പുറത്തുപോകണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ ഉണ്ടാകുന്നത് 'നൂറ് കണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ്' എന്നും പ്രതിപക്ഷ നേതാവ് പരിഹാസരൂപേണ ചൂണ്ടിക്കാട്ടി.
കൊല്ലം പന്മന സ്വദേശി വേണു ചികിത്സ ലഭിക്കാതെ മരിച്ചു എന്ന പരാതിയിൽ കുടുംബം മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും സമീപിച്ചിരുന്നു. ഇതിനുപിന്നാലെ ഡോക്ടർമാർ വീഴ്ചയില്ലെന്ന് വിശദീകരണം നൽകുകയും, മന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിലാണ് സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.