പാലക്കാട്: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പുനർജനി കേവലമൊരു ഭവന നിർമ്മാണ പദ്ധതിയല്ലെന്നും മനുഷ്യരെ ചേർത്തുനിർത്തുന്ന പുനരധിവാസ പദ്ധതിയെന്നും അദ്ദേഹം വിശേഷിപ്പിച്ചു.(VD Satheesan was the first to demand an investigation, Rahul Mamkootathil on the move in the Punarjani project)
പുനർജനിയിൽ ആദ്യം അന്വേഷണം ആവശ്യപ്പെട്ടത് സർക്കാരോ ബിജെപിയോ അല്ല, മറിച്ച് വി.ഡി. സതീശൻ തന്നെയാണ്. ഏത് ഏജൻസി വേണമെങ്കിലും അന്വേഷിക്കട്ടെ എന്ന് അദ്ദേഹം നിയമസഭയിൽ വെല്ലുവിളിച്ചിരുന്നു. 200-ൽ പരം പുതിയ വീടുകൾ, 100-ൽ പരം വീടുകളുടെ അറ്റകുറ്റപ്പണി, കുട്ടികൾക്ക് വിദ്യാഭ്യാസം, വരുമാനമില്ലാത്തവർക്ക് പശു, ആട്, തയ്യൽ മെഷീൻ എന്നിവ നൽകുന്ന സമഗ്ര പദ്ധതിയാണിത്. ഇത്തരമൊരു സംരംഭത്തെ തകർക്കാൻ നോക്കുന്നത് ജനവിരുദ്ധമാണ് എന്നും രാഹുൽ പറഞ്ഞു.
വി.ഡി. സതീശനോട് രാഷ്ട്രീയമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാൽ അതിന്റെ പേരിൽ പാവപ്പെട്ടവർക്ക് ഗുണകരമായ ഒരു പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു വർഷം മുൻപുള്ള വിജിലൻസ് റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു. കേസ് നേരത്തെ വിജിലൻസ് അന്വേഷിച്ച് തള്ളിയതാണെന്നും പുതിയ നീക്കം നിയമപരമായി നിലനിൽക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.