

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി നിർണ്ണയം ഉടൻ പൂർത്തിയാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്ഥാനാർഥി ചർച്ചകൾക്കായി ഡൽഹിയിൽ പോയി മടങ്ങിയ അദ്ദേഹം വലിയ ശുഭപ്രതീക്ഷയിലാണ്. ജനുവരി 27-ന് കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് നിർണ്ണായക തീരുമാനങ്ങളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ സ്ഥാനാർഥി പട്ടിക സംബന്ധിച്ച പ്രാഥമിക ധാരണയുണ്ടാകും. ലോക്സഭാ അംഗങ്ങൾ നിയമസഭയിലേക്ക് മത്സരിക്കണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് സമിതിയിൽ ഇക്കാര്യം ചർച്ച ചെയ്യും.ട്വന്റി 20-യിലേക്ക് പോയ കോൺഗ്രസുകാർ ഉടൻ പാർട്ടിയിലേക്ക് തിരികെ വരുമെന്നും സതീശൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രിയുടെ കേരളത്തിലെ പ്രസംഗം വർഗീയത നിറഞ്ഞതാണെന്ന് വി.ഡി. സതീശൻ ആരോപിച്ചു. വികസന നേട്ടങ്ങളോ രാജ്യത്തിന്റെ ഭാവിയോ പറയാനില്ലാത്തതു കൊണ്ടാണ് പ്രധാനമന്ത്രി വർഗീയത പറയുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ട വർഗീയത മാത്രമാണെന്ന് ഇതോടെ വ്യക്തമായി.
മറ്റു സംസ്ഥാനങ്ങളിൽ പയറ്റുന്ന വിഭജന രാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ലെന്ന് ബിജെപിക്ക് ഉടൻ ബോധ്യമാകും. വർഗീയ ശക്തികളെ പ്രതിരോധിക്കാൻ യുഡിഎഫ് ഏതറ്റം വരെയും പോകും. കോൺഗ്രസിന്റെ മതേതര നിലപാടിന് നരേന്ദ്ര മോദിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. വോട്ടിന് വേണ്ടി വർഗീയതയെ താലോലിക്കുന്ന നയം കോൺഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.