തിരുവനന്തപുരം: നിയമസഭയിലെ നയപ്രഖ്യാപന വേളയിൽ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് നടത്തിയത് ആസൂത്രിതമായ നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേന്ദ്രവിരുദ്ധ പരാമർശങ്ങൾ ഗവർണർ രാജേന്ദ്ര ആർലേക്കർ വായിക്കാതെ വിട്ടതും, പിന്നീട് മുഖ്യമന്ത്രി അത് എടുത്തുപറഞ്ഞതും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗിമ്മിക് മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ പ്രതിസന്ധിയിലാകുമ്പോഴെല്ലാം ഗവർണറും സർക്കാരും തമ്മിൽ പോര് തുടങ്ങുമെന്നും പിന്നാലെ ഇതെല്ലാം ഒത്തുതീർപ്പാക്കുമെന്നും സതീശൻ പരിഹസിച്ചു. നയപ്രഖ്യാപന പ്രസംഗം അസത്യങ്ങളും അർദ്ധസത്യങ്ങളും നിറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് മുഖ്യമന്ത്രി ഇപ്പോൾ പെട്ടെന്ന് കേന്ദ്രത്തെ വിമർശിക്കാൻ തുടങ്ങിയത്. ഗവർണർ ഒഴിവാക്കിയ ഭാഗങ്ങൾ മുഖ്യമന്ത്രി സഭയിൽ വായിച്ചത് ഗാലറിക്ക് വേണ്ടിയുള്ള പ്രകടനമാണ്.
മന്ത്രി സജി ചെറിയാന്റെ വർഗീയ വിദ്വേഷം കലർന്ന പ്രസ്താവന മുഖ്യമന്ത്രിയുടെ പൂർണ്ണ അറിവോടെയാണെന്ന് സതീശൻ ആരോപിച്ചു. ജയിച്ചവരുടെ മതം നോക്കുന്ന മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. മന്ത്രിക്കെതിരെ സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ മാറ്റം വരുത്താൻ ഗവർണർക്ക് അധികാരമില്ല. സ്വന്തം അഭിപ്രായം ചേർക്കാനോ ഒഴിവാക്കാനോ ഗവർണർ മുതിർന്നത് തെറ്റായ നടപടിയാണെന്നും ഈ കാര്യത്തിൽ പ്രതിപക്ഷം സർക്കാരിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
മന്ത്രി സജി ചെറിയാൻ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യത്തിൽ യു.ഡി.എഫ് ഉറച്ചുനിൽക്കുകയാണെന്നും സതീശൻ വ്യക്തമാക്കി.