തിരുവനന്തപുരം: പുനർജനി പദ്ധതിയുടെ പേരിൽ വിദേശത്ത് നിന്ന് പണം പിരിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിദേശയാത്രകളിലൂടെ എത്ര തുക സമാഹരിച്ചുവെന്ന് വെളിപ്പെടുത്തണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.(VD Satheesan should be afraid, DYFI on Punarjani project)
വിദേശത്ത് പോയി എത്ര രൂപയാണ് പിരിച്ചെടുത്തത്? ഈ പണം ഏതെല്ലാം ഇനത്തിലാണ് ചെലവഴിച്ചത്? 209 വീടുകൾ കൈമാറിയെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഈ വീടുകൾ എവിടെയൊക്കെയാണെന്നും അവയുടെ കൃത്യമായ വിശദാംശങ്ങളും പുറത്തുവിടാൻ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
പിരിച്ചെടുത്ത തുക ഏത് വർഷത്തിലാണ് ഓഡിറ്റ് ചെയ്തത്? ഏത് ഏജൻസിയാണ് ഈ ഓഡിറ്റിംഗ് നടത്തിയത്? വിദേശ ഫണ്ട് സ്വീകരിക്കുന്നതിനായുള്ള എഫ്.സി.ആർ.എ (FCRA) ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്ന വിജിലൻസ് കണ്ടെത്തൽ ഗൗരവതരമാണെന്ന് സനോജ് ചൂണ്ടിക്കാട്ടി. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വി.ഡി. സതീശനെതിരെ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ നൽകിയത് കോൺഗ്രസിന് വലിയ തിരിച്ചടിയായിട്ടുണ്ട്.