

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖച്ഛായ മാറ്റുന്ന പ്രഖ്യാപനങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോൺഗ്രസിൽ ആർക്കും 'പെരുന്തച്ചൻ കോംപ്ലക്സ്' പാടില്ലെന്നും, നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധ്യതയുള്ള യുവാക്കൾക്കും സ്ത്രീകൾക്കും പരമാവധി സീറ്റുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിയത്.(VD Satheesan says youth and women will be given priority in 2026 Assembly Elections)
തിരഞ്ഞെടുപ്പിൽ ഒരു വിഭാഗം മുതിർന്ന നേതാക്കൾക്ക് മാറിനിൽക്കേണ്ടി വരും. സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുവത്വത്തിനും പുതുമയ്ക്കും മുൻഗണന നൽകും. പത്ത് വർഷം കഴിയുമ്പോൾ താനും വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് സതീശൻ പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻനിർത്തിയല്ല യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രാഷ്ട്രീയത്തിൽ ത്യാഗികളില്ലെങ്കിലും തനിക്ക് ത്യാഗിയാകാൻ മടിയില്ലെന്നും മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മൂന്നാഴ്ചയ്ക്കുള്ളിൽ മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാക്കും. നിലവിൽ 80 മുതൽ 85 സീറ്റുകളിൽ യു.ഡി.എഫിന് വ്യക്തമായ മേൽക്കൈയുണ്ട്. 100-ലധികം സീറ്റുകൾ നേടി യു.ഡി.എഫ് അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വെറും സൗജന്യങ്ങളിലല്ല യു.ഡി.എഫിന്റെ ഫോക്കസ്. എൽ.ഡി.എഫ് തകർത്ത കേരളത്തെ പുനരുജ്ജീവിപ്പിക്കാനുള്ള വ്യക്തമായ വികസന ബദലായിരിക്കും യു.ഡി.എഫ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക. വിജയം ഒരാളുടേതല്ലെന്നും എന്നാൽ തോറ്റാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ വർദ്ധിച്ചിട്ടുണ്ടെന്നും പാർട്ടിയിലെ ഐക്യമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.