തിരുവനന്തപുരം:രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പാർട്ടി നടപടി സ്വീകരിച്ചതാണെന്നും, ഒരേ കാര്യത്തിന് രണ്ട് തവണ നടപടിയെടുക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. രാഹുലിനെതിരെ എടുത്ത നടപടി ഇപ്പോഴും നിലനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (VD Satheesan responds to the Rahul Mamkootathil issue )
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ സി.പി.എമ്മിനെതിരെ അദ്ദേഹം കടുത്ത വിമർശനമുയർത്തി. "ശബരിമല വിഷയത്തിൽ പത്മകുമാറിനെതിരെ എന്തുകൊണ്ട് സി.പി.എം. നടപടിയെടുക്കുന്നില്ല? സി.പി.എം. ഇക്കാര്യത്തിൽ മൃദുസമീപനം സ്വീകരിക്കുന്നത്, നേതാക്കൾക്കെതിരെ മൊഴി നൽകുമെന്ന് പേടിച്ചിട്ടാണ്. കേന്ദ്ര ഏജൻസി അന്വേഷിക്കാത്തതിനാൽ ബിരിയാണിച്ചെമ്പ് പോലെയാകില്ലെന്ന് എനിക്ക് വിശ്വാസമുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട്ടെ പ്രാദേശിക തിരഞ്ഞെടുപ്പ് വിഷയങ്ങളിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. പാലക്കാട്ടെ സി.പി.എമ്മിലെ അസംതൃപ്തരുമായും സി.പി.ഐയിലെ ഒരു വിഭാഗവുമായും സഹകരിച്ചത് നേതൃത്വത്തിൻ്റെ അറിവോടെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് നഗരസഭയിൽ 'വിസ്മയമുണ്ടാക്കും', ബി.ജെ.പിയെ താഴെയിറക്കും.
നിയമസഭ തിരഞ്ഞെടുപ്പോടെ യു.ഡി.എഫ്. വിപുലീകരിക്കുമെന്നും 'ടീം യു.ഡി.എഫ്.' ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗിന് പ്രാതിനിധ്യം കുറഞ്ഞെന്ന പരാതിയെല്ലാം പരിഹരിക്കും. വെൽഫെയർ പാർട്ടി സഹകരിക്കാമെന്ന് പറഞ്ഞയിടങ്ങളിൽ പിന്തുണ സ്വീകരിച്ചിട്ടുണ്ട്. സുന്നി സംഘടനകൾ പറയുന്നത് അവരുടെ അഭിപ്രായമാണ്, അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.