തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിൽ 266 ദിവസം നീണ്ടുനിന്ന ആശാ വർക്കർമാരുടെ രാപ്പകൽ സമരത്തിന് സമാപനമായി. സമരപ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആശാ വർക്കർമാർക്ക് ഉറപ്പ് നൽകി. യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാ വർക്കർമാരുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.(VD Satheesan promises to help the Asha workers to fulfill their demands)
ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചതിനെ നേട്ടമായി വിലയിരുത്തിയാണ് സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ചത്. എന്നാൽ സമരം ജില്ലാതലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.
ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുക എന്നീ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരും.
സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10-ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. സമര സമാപന റാലിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ള നേതാക്കൾ പങ്കെടുത്തു.