തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. സർക്കാരിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഗുരുതര കളവും വിൽപ്പനയുമാണ് നടന്നതെന്ന് ഹൈക്കോടതി പറഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. (VD Satheesan on Sabarimala gold case)
ലക്ഷക്കണക്കിന് ഭക്തരെയാണ് വഞ്ചിച്ചത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ദ്വാരപാലക ശിൽപ്പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് സതീശൻ ചോദിച്ചു. ദേവസ്വം ബോർഡിന് ക്രമക്കേട് അറിയാമായിരുന്നുവെന്നും, സർക്കാരിലെ വമ്പൻമാർ പെടും എന്ന് അറിയാവുന്വത് കൊണ്ട് വിവരം മൂടിവച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
വാസു സി പി എമ്മിന്റെ സ്വന്തം ആളാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സഭയിൽ പ്രതിപക്ഷ ബഹളം
ഇന്നും നിയമസഭയിൽ ശബരിമല സ്വർണ്ണപ്പാളി വിഷയത്തിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. ദ്വാരപാലക ശിൽപ്പം വിൽപ്പന നടത്തിയെന്ന ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നാണ് വി ഡി സതീശൻ പറഞ്ഞത്.
ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്നും, ദേവസ്വം ബോർഡിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. എന്നാൽ, ഇത് ഹൈക്കോടതിയെ പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷം ആണെന്ന് മന്ത്രി പി രാജീവ് തിരിച്ചടിച്ചു. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നതെന്നും, സർക്കാരും ദേവസ്വം ബോർഡും അതിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സുപ്രീം കോടതി ഇന്നലെയാണ് രാഷ്ട്രീയ കളിയുമായി വരരുതെന്ന് പ്രതിപക്ഷത്തോട് പറഞ്ഞതെന്നും മന്ത്രി എം ബി രാജേഷ് ഊന്നിപ്പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധമുയർത്തി. ഇതോടെ ചോദ്യോത്തര വേള റദ്ദാക്കി.