തിരുവനന്തപുരം : അയ്യപ്പന്റെ സ്വർണ്ണം കവർന്ന കാര്യം 2022ൽ തന്നെ സർക്കാരിനും ദേവസ്വം ബോർഡിനും അറിയാമായിരുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിവരം പുറത്തായത് ഹൈക്കോടതി ഇടപെട്ടപ്പോഴാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (VD Satheesan on Sabarimala gold case)
സർക്കാരും ദേവസ്വം ബോർഡും കള്ള കച്ചവടത്തിൽ പങ്കാളികൾ ആണെന്നും സതീശൻ ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല, അവരും കുറ്റക്കാർ ആണെന്നും, സ്വർണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോൺസറെ തന്നെ ഏൽപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാരുടെ മറുപടികൾ വിചിത്രമാണെന്നും സതീശൻ പ്രതികരിച്ചു.
പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ നിർണായക നീക്കവുമായി ഹൈക്കോടതി. വിഷയത്തിൽ അന്വേഷണം നടത്തുന്നതിനായി കോടതി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. അന്വേഷണം നടക്കുന്നത് എ ഡി ജി പി എച്ച് വെങ്കടേശിൻ്റെ നേതൃത്വത്തിലാണ്. അതേസമയം, ശബരിമലയിൽ മുൻപ് ഉണ്ടായിരുന്നതും നിലവിൽ ഉള്ളതുമായ സ്വർണ്ണപ്പാളികൾ വ്യത്യസ്തമാണെന്നാണ് ദേവസ്വം വിജിലൻസ് പറയുന്നത്. രണ്ടും രണ്ടാണെന്ന നിഗമനത്തിൽ വിദഗ്ധർ എത്തിയത് 2019-ന് മുൻപുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങൾ ഒത്തുനോക്കിയപ്പോഴാണ്. അന്വേഷണ സംഘത്തിൽ 5 പേരാണ് ഉള്ളത്.
റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദേശം. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്നും കോടതി ആവശ്യപ്പെട്ടു. ഈ തീരുമാനം പൂർണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നാണ് മന്ത്രി വി എൻ വാസവൻ പറഞ്ഞത്. കോടതി ഇടപെടലിൽ വലിയ സന്തോഷം ഉണ്ടെന്നും, സർക്കാർ പൂർണ്ണമായും സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.
സർക്കാരിനോ ദേവസ്വം വകുപ്പിനോ ഇതിൽ ഒരു പങ്കും ഇല്ലെന്നും, തീർത്ഥാടന കാലത്ത് സഹായം ലഭ്യമാക്കൽ മാത്രമാണ് ജോലി എന്നും പറഞ്ഞ മന്ത്രി, ദേവസ്വം ബോർഡിന്റെ ഒരു പൈസ പോലും സർക്കാർ എടുക്കുന്നില്ല എന്നും, സാമ്പത്തികമായി സഹായിച്ചിട്ടേ ഉള്ളൂവെന്നും കൂട്ടിച്ചേർത്തു.