തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. വിജയ് മല്യ നൽകിയ 30 കിലോ സ്വർണ്ണത്തിൽ എത്ര ബാക്കിയുണ്ടെന്നാണ് അദ്ദേഹം ചോദിച്ചത്. ഇക്കാര്യത്തിൽ ദേവസ്വവും സർക്കാരും മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. (VD Satheesan on Sabarimala gold case)
പുറത്തുവരുന്നത് ദുരൂഹത നിറഞ്ഞ കാര്യങ്ങൾ ആണെന്നും, ഇവിടെ നിന്ന് തന്നെ അടിച്ചുമാറ്റി പിന്നീട് ചെന്നൈയിൽ എത്തിച്ചുവെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 2019 ല്‍ സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് തെളിഞ്ഞതാണ് എന്നും, പുറത്തുപറയാതെ മൂടിവച്ചതിൻ്റെ അർത്ഥം ഷെയർ ലഭിച്ചു എന്നാണെന്നും അദ്ദേഹം ആരോപിച്ചു.
ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഇടനിലക്കാരൻ ആയി വച്ചിരിക്കുകയാണെന്നും, അയാൾ കളവ് നടത്തിയിട്ടുണ്ട് എന്ന് മനസിലായെങ്കില്‍ പിന്നെന്തിന് വീണ്ടും വിളിച്ചു എന്നും അദ്ദേഹം പ്രതികരിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി മിണ്ടുന്നില്ലെന്നും, ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും അടിയന്തരമായി രാജി വയ്ക്കണം എന്നും സതീശൻ ആവശ്യപ്പെട്ടു. സി ബി ഐ അന്വേഷണം വേണമെന്ന് പറഞ്ഞ അദ്ദേഹം, ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകുമെന്നും മുന്നറിയിപ്പ് നൽകി.