

പാലക്കാട്: ചികിത്സാ പിഴവ് മൂലം വലതുകൈ മുറിച്ചുമാറ്റേണ്ടി വന്ന പാലക്കാട് സ്വദേശിനി വിനോദിനിക്ക് സഹായവാഗ്ദാനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കുട്ടിയ്ക്ക് കൃത്രിമ കൈ വച്ച് നൽകുന്നതിനുള്ള മുഴുവൻ തുകയും അദ്ദേഹം നേരിട്ട് വഹിക്കും. വിനോദിനിയുടെ കുടുംബത്തെ ഫോണിൽ വിളിച്ചാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്.(VD Satheesan offers help the student who lost her hand due to medical malpractice)
പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വിനോദിനി വീട്ടിൽ കഴിയുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടൽ. ഏത് ആശുപത്രിയിലാണെങ്കിലും കുട്ടിയുടെ തുടർചികിത്സയ്ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്ന് അദ്ദേഹം പറഞ്ഞതായി വിനോദിനിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഈ ഇടപെടൽ തങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നുവെന്നും കുടുംബം വ്യക്തമാക്കി.
കഴിഞ്ഞ സെപ്റ്റംബർ 24-ന് കളിക്കുന്നതിനിടെ വീണാണ് വിനോദിനിയുടെ വലതുകൈ ഒടിഞ്ഞത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്ന് കൈക്ക് പ്ലാസ്റ്ററിട്ടെങ്കിലും പിന്നീട് വിരലുകളിൽ കുമിളകൾ വരികയും കൈ അഴുകിയ നിലയിലാവുകയും ചെയ്തു. നില ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായി കൈ മുറിച്ചുമാറ്റുകയായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ കുടുംബത്തിന് ലഭിച്ചിരുന്നു.