പാലക്കാട്: സി.പി.ഐയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ 'ആരാണ് സി.പി.ഐ?' എന്ന് ചോദിച്ചിട്ടും എന്തിനാണ് നാണം കെട്ട് എൽ.ഡി.എഫിൽ തുടരുന്നതെന്നും സതീശൻ ചോദിച്ചു. എന്നാൽ താൻ സി.പി.ഐയെ യു.ഡി.എഫിലേക്ക് ക്ഷണിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(VD Satheesan mocks CPI, demands resignation of Devaswom Minister)
എൻ.ഡി.എ., എൽ.ഡി.എഫ്. മുന്നണികളിൽ നിന്ന് നിരവധി പാർട്ടികൾ യു.ഡി.എഫിലേക്ക് വരാനായി കാത്തുനിൽക്കുന്നുണ്ടെന്നും, എന്നാൽ നിലവിൽ ആരുമായി ചർച്ചകൾ നടത്തിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടും വി.ഡി. സതീശൻ നിലപാട് വ്യക്തമാക്കി. കേന്ദ്ര ഫണ്ട് വാങ്ങുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം, ബി.ജെ.പിയുടെ വർഗീയ അജണ്ട നടപ്പിലാക്കാൻ പാടില്ലെന്നും അഭിപ്രായപ്പെട്ടു. "മോദിയുടെ വീട്ടിൽ നിന്നല്ല കേന്ദ്ര ഫണ്ട് നൽകുന്നത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഞങ്ങൾ അധികാരത്തിൽ വരുന്നതിന് മുമ്പ് തന്നെ പി.എം. ശ്രീ പദ്ധതി നടപ്പാക്കിയിരുന്നു," പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കോടതി പൂർണ്ണമായും അംഗീകരിച്ചെന്ന് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. ഞെട്ടിക്കുന്ന തെളിവുകളാണ് കോടതി കണ്ടെത്തിയത്. ശബരിമലയിൽ നടന്നത് സ്വർണ്ണ കവർച്ചയാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരിക്കുകയാണ്.
"ഇപ്പോഴത്തെ ദേവസ്വം ബോർഡിന് ബന്ധമില്ല എന്ന സർക്കാരിന്റെ വാദം കോടതി തന്നെ തള്ളി. പ്രതിപക്ഷം കേരളത്തിൽ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണെന്ന് കോടതി തന്നെ പറഞ്ഞു. ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം. ദേവസ്വം മന്ത്രി രാജിവെക്കണം," സതീശൻ ആവശ്യപ്പെട്ടു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കാര്യത്തിൽ ദേവസ്വം പ്രസിഡന്റ് ഇടപെട്ടിട്ടുണ്ട്. ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റും 'കള്ളൻ' തന്നെയാണെന്നും സതീശൻ ആരോപിച്ചു.