കൊച്ചി: സിറോ മലബാർ സഭയുടെ നിർണ്ണായകമായ സിനഡ് സമ്മേളനം പുരോഗമിക്കുന്നതിനിടെ, സഭാ ആസ്ഥാനത്തെത്തി ഉന്നത നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ എത്തിയ അദ്ദേഹം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അടക്കമുള്ള സഭാ പിതാക്കന്മാരുമായി ഒരു മണിക്കൂറിലേറെ ചർച്ച നടത്തി.(VD Satheesan makes a surprise visit to the Syro-Malabar Church headquarters)
ഔദ്യോഗിക പൈലറ്റ് വാഹനവും സ്റ്റേറ്റ് കാറും ഒഴിവാക്കി തികച്ചും സ്വകാര്യമായ രീതിയിലാണ് ഇന്നലെ രാത്രി ഒൻപതേകാലോടെ പ്രതിപക്ഷ നേതാവ് സഭാ ആസ്ഥാനത്ത് എത്തിയത്. സിനഡ് നടക്കുന്ന വേളയിൽ രാഷ്ട്രീയ നേതാക്കൾക്ക് സഭാ ആസ്ഥാനത്ത് പ്രവേശനം നൽകാത്ത പതിവ് നിലനിൽക്കെയാണ് ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്. സഭാ നേതൃത്വം ഒരുക്കിയ അത്താഴ വിരുന്നിലും പങ്കെടുത്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്.
സിനഡിൽ സഭയുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിനിടയിൽ നടന്ന ഈ കൂടിക്കാഴ്ച രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ ക്രൈസ്തവ സഭകളുടെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യവും ഈ സന്ദർശനത്തിന് പിന്നിലുണ്ടെന്ന് കരുതപ്പെടുന്നു.