

തിരുവനന്തപുരം: പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനും സംഘവും നടത്തിയ ഫണ്ട് തട്ടിപ്പ് അതീവ ഗൗരവകരമാണെന്നും ഇതിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം നേതാവ് വി. കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തലുകൾ കോൺഗ്രസ് രാഷ്ട്രീയമായി ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എമ്മിന് സ്വന്തമായി 'കോടതി' (പാർട്ടി കോടതി) ഉള്ളതുകൊണ്ടാണ് ഇത്രയും വലിയ സാമ്പത്തിക തട്ടിപ്പ് നടന്നിട്ടും പരാതി പോലീസ് സ്റ്റേഷനിലേക്ക് പോകാത്തതെന്ന് അദ്ദേഹം പരിഹസിച്ചു. സ്വന്തം രക്തസാക്ഷിയുടെ കുടുംബത്തിന് നൽകേണ്ട പണത്തിൽപ്പോലും കയ്യിട്ടുവാരുന്നവരാണ് സി.പി.എം നേതാക്കൾ. ധനരാജ് രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്, ഓഫീസ് നിർമ്മാണ ഫണ്ട് എന്നിവയിൽ നിന്നായി ഒരു കോടിയിലേറെ രൂപയാണ് വെട്ടിച്ചത്.
ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉൾപ്പെടെയുള്ള തെളിവുകൾ നൽകിയിട്ടും പാർട്ടി സംസ്ഥാന നേതൃത്വം നടപടിയെടുക്കാത്തത് അഴിമതിക്ക് കൂട്ടുനിൽക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു.
വി. കുഞ്ഞികൃഷ്ണന്റെ തുറന്നുപറച്ചിലോടെ പയ്യന്നൂർ ഏരിയ കമ്മിറ്റിക്കുള്ളിൽ വലിയ അസ്വസ്ഥതകളാണ് ഉടലെടുത്തിരിക്കുന്നത്. പാർട്ടിയെ പ്രതിരോധത്തിലാക്കിയ കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്ന വാദം ഒരു വിഭാഗം ഉയർത്തുമ്പോൾ, അഴിമതി നടത്തിയ എം.എൽ.എയ്ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന ചോദ്യം അണികൾക്കിടയിലും സജീവമാണ്.