തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് വീണ് സ്ത്രീ മരണപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അപകടം വളരെ ദൗർഭാഗ്യകരമാണെന്നാണ് അദ്ദേഹം പറഞ്ഞത്.(VD Satheesan against Veena George)
മന്ത്രിമാരുടെ പ്രസ്താവനയെ തുടർന്നാണ് രക്ഷാപ്രവർത്തനം നടക്കാതെ പോയതെന്നും, ഇന്ന് രാവിലെ വരെ ആളുകൾ ഉപയോഗിച്ച കെട്ടിടം ആണതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാർ മരണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും, ആരോഗ്യമന്ത്രി രാജിവച്ച് ഇറങ്ങിപ്പോകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥർ പറഞ്ഞത് തൊണ്ട തൊടാതെ വിഴുങ്ങുകയാണോ മന്ത്രിയെന്ന് ചോദിച്ച അദ്ദേഹം, രക്ഷാപ്രവർത്തനത്തെ തന്നെ ഇല്ലാതാക്കിയെന്നും ചൂണ്ടിക്കാട്ടി. ആരും കുടുങ്ങിക്കിടക്കുന്നില്ല എന്ന് മന്ത്രി പറഞ്ഞത് എന്ത് വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് എന്നാണ് സതീശൻ ചോദിച്ചത്. ആരെങ്കിലും ഉണ്ടോയെന്ന് കയറി നോക്കാനല്ലേ സാമാന്യ ബോധമുള്ള ആളുകൾ പറയുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.
പുറത്തെടുത്ത് അൽപ്പ സമയത്തിനകം മരിച്ചത് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ്. ഇവരെ അത്യാഹിത വിഭാഗത്തിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. രണ്ടര മണിക്കൂറാണ് ബിന്ദു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്. ഇവർ രോഗിയുടെ കൂട്ടിരിപ്പുകാരിയാണ്. ശുചിമുറി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിൽ കുളിക്കാൻ എത്തിയതാണ് ഇവർ. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. രണ്ടു പേർക്ക് പരിക്കേറ്റെന്നാണ് ആദ്യം പുറത്തുവന്ന വിവരം. രാവിലെ 11 മണിയോടെയാണ് സംഭവം.